നിരോധിച്ച ചൈനീസ് ആപ് ഷെയ്ന്‍ റിലയന്‍സ് പങ്കാളിത്തത്തില്‍ ഇന്ത്യയിലേക്ക്


MAY 20, 2023, 12:17 AM IST

ന്യൂദല്‍ഹി: ചൈനയുമായുള്ള പ്രശ്‌നം രൂക്ഷമായതോടെ ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് മൊബൈല്‍ ആപ്പുകളിലൊന്ന് തിരിച്ചെത്തുന്നു. ആഗോളതലത്തിലെ ഫാഷന്‍ വിപണികളിലൊന്നായ ഷെയ്ന്‍ ആപ്പാണ് മുകേഷ് അംബാനിയുടെ റിലയന്‍സിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നിരോധനം നീക്കുന്നതെന്ന് ബിസിനസ് പോര്‍ട്ടല്‍ ബിക്യു പ്രൈം റിപ്പോര്‍ട്ട് ചെയ്തു. 

ഷെയ്ന്‍ ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ക്ക് 2020 ജൂണിലാണ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. സ്ത്രീകളുടേയും കുട്ടികളുടേയും ട്രെന്‍ഡി വസ്ത്രങ്ങളുടെ പേരില്‍ ജനപ്രിയമായ ഷെയ്ന്‍ 2008ലാണ് സ്ഥാപിതമായത്. പബ്ജി, ടിക്ടോക്, ബയ്ഡു, വിചാറ്റ് റീഡിങ്, ഗവണ്‍മെന്റ് വി ചാറ്റ്, സ്മാര്‍ട്ട് ആപ് ലോക്, ബ്യൂട്ടി ക്യാമറ പ്ലസ് തുടങ്ങിയ ആപ്പുകളോടൊപ്പമാണ് ഷെയ്‌നും ഇന്ത്യയില്‍ നിരോധിച്ചത്. 

ചൈനീസ് ആപ്പുകള്‍ക്കെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ഭാഗമായി 2020 ജൂണിലാണ് മോഡി സര്‍ക്കാര്‍ ഷെയ്ന്‍ ആപ്പും നിരോധിച്ചതെന്നും എന്നാല്‍ ബി ജെ പിയുടെ കോര്‍പറേറ്റ് സുഹൃത്തുക്കള്‍ക്ക് വേണ്ടിയായിരുന്നു അന്നത്തെ നിരോധനമെന്നതാണ് സത്യമെന്നും റിലയന്‍സുമായി പങ്കാളിത്തമായതോടെ ഷെയ്ന്‍ തിരികെ വരികയാണെന്നും സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു.

Other News