ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സിയിൽ  മലയാളി ആപ്പ്;ഏറ്റെടുത്തത്  1,079 കോടിയുടെ സ്‌പോൺസർഷിപ്പ്  


JULY 26, 2019, 2:30 AM IST

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മായി ബൈജൂസ് ലേണിംഗ് ആപ്പ്. മലയാളിയായ ബൈജു രവീന്ദ്രനാണ് ലേണിംഗ് ആപ്പിന്റെ സ്ഥാപകന്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ രവീന്ദ്രന്‍ ബെംഗളൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. 

2011ല്‍ ആരംഭിച്ച സ്ഥാപനം എട്ടു വര്‍ഷം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ്യുടെക്ക് സ്ഥാപനമായി വളര്‍ന്നു. 2015ലാണ് ലേണിംഗ് ആപ്പ് പുറത്തിറക്കിയത്.

ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഒപ്പോയാണ് ഇന്ത്യന്‍ ടീമിന്റെ നിലവിലെ സ്പോണ്‍സര്‍മാര്‍. 2017 മാര്‍ച്ചില്‍ അഞ്ചുകൊല്ലത്തേക്ക് 1,079 കോടി രൂപ മുടക്കിയാണ് ഒപ്പോ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി സ്പോണ്‍സര്‍ഷിപ്പ് കരാര്‍ നേടിയത്. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സി ബ്രാന്റ് ചെയ്‌തത് അസന്തുലിതമാണെന്ന ഒപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്ന് ജേഴ്‌സി കരാര്‍ ബൈജൂസ് ആപ്പിന് മറിച്ചുവില്‍ക്കുകയായിരുന്നു.

ഇതാദ്യമായാണ് ഇന്ത്യൻ ടീം ജേഴ്‌സിയിൽ മലയാളി സ്‌പർശം.

വിന്‍ഡീസ് പരമ്പരവരെ മാത്രമാണ് ഓപ്പോ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ തുടരുക. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ  ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ്. അടുത്തിടെ ഇന്ത്യ-ന്യൂസിലാൻഡ് പരമ്പരയുടെ മുഖ്യ പ്രായോജകരും ബൈജൂസ് ആയിരുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിലായിരിക്കും ബൈജൂസ് ആപ്പിന്‍റെ പരസ്യം ഇന്ത്യന്‍ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെടുക.

Other News