കഫേ കോഫിഡേ എന്റര്‍പ്രൈസസിന്റെ ഇടക്കാല ചെയര്‍മാനായി എസ് വി രംഗനാഥന്‍ നിയമിതനായി


JULY 31, 2019, 7:13 PM IST

ബെംഗളൂരു:  ഉടമ വിജി സിദ്ദാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്ന് കഫേ കോഫിഡേ എന്റര്‍പ്രൈസസിന്റെ ഇടക്കാല ചെയര്‍മാനായി എസ് വി രംഗനാഥന്‍ നിയമിതനായി. ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. കമ്പനിയുടെ ഇടക്കാല ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിതിന്‍ ബഗ്മാനെയും നിയമോപദേശകനായി സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെയും നിയമിച്ചിട്ടുണ്ട്.

നിക്ഷേപകരുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോഫിഡേ പ്രതിജ്ഞാബദ്ധമാണെന്ന് ബോര്‍ഡ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കോഫിഡേയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നു എസ് വി രംഗനാഥ്.സ്ഥാപകനായ വി.ജി സിദ്ധാര്‍ത്ഥയെ കാണാതായതോടെ കഫേ കോഫി ഡേ ഓഹരി വില  കുത്തനെ ഇടിഞ്ഞിരുന്നു. 1500ല്‍ പരം കോഫി ഷോപ്പുകളാണ് രാജ്യത്താകമാനമായി കേഫിഡേ ശൃംഖലക്കു കീഴിലുള്ളത്.

മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകളുടെ ഭര്‍ത്താവ് കൂടിയായ സിദ്ധാര്‍ഥയെ തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ മംഗളൂരു നേത്രാവതിനദിക്കു കുറുകെയുള്ള പാലത്തിനുസമീപത്താണ് കാണാതായത്. നീണ്ട 34 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പാലത്തിന് സമീപമുള്ള ഹൊയ്‌കെ ബസാറില്‍ നിന്ന് ഇന്ന് പുലര്‍ച്ച ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Other News