ന്യൂഡല്‍ഹി: പുനരുപയോഗ ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതു മേഖലാ സ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി (ഐ.ആര്‍.ഇ.ഡി.എ) ലിമിറ്റഡ് ഓഹരി വിപണിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങളുടെ ക്യാബിനറ്റ് സമിതിയാണ് ഐആര്‍ഇജിഎയുടെ പ്രാഥമിക ഓഹരി വില്‍പനയ്ക്കുള്ള (ഐപിഒ) നടപടികള്‍ക്ക് അനുമതി നല്‍കിയത്. കമ്പനിയുടെ നിശ്ചിത ഭാഗം ഓഹരിയാവും ഐപിഒയിലൂടെ കൈമാറുക. പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് നേതൃത്വം നല്‍കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് & പബ്ലിക് അസറ്റ് മാനേജ്‌മെന്റിന് (DIPAM) ആയിരിക്കും ഐആര്‍ഇഡിഎ കമ്പനിയുടെ ലിസ്റ്റിങ്ങിനുള്ള മേല്‍നോട്ടം വഹിക്കുക
2017 ജൂണ്‍ മാസത്തില്‍ തന്നെ ഐആര്‍ഇഡിഎയുടെ ഓഹരി വിറ്റഴിക്കലിനുള്ള പ്രാഥമിക അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. 10 രൂപ മുഖവിലയുള്ള 13.90 കോടി പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്യാനായിരുന്നു നീക്കം. എന്നാല്‍ 2022 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ഐആര്‍ഇഡിഎയിലേക്ക് 1,500 കോടിയുടെ അധിക മൂലധനം ഒഴുക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക കാര്യങ്ങളുടെ മന്ത്രിസഭാ സമിതി കമ്പനിയുടെ ഓഹരി വില്‍പനയ്ക്കുള്ള പുതിയ അനുമതി നല്‍കിയത്. സര്‍ക്കാര്‍ അനുവദിച്ച അധിക മൂലധനത്തിലൂടെ ഐആര്‍ഇഡിഎയുടെ മൊത്തം ആസ്തി വര്‍ധിക്കുകയും പുനരുപയോഗ ഊര്‍ജ മേഖലയിലെ ധനസഹായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും സാധിക്കും. കൂടാതെ ക്യാപിറ്റല്‍-ടു-റിസ്‌ക് വെയിറ്റഡ് അസറ്റ്‌സ് റേഷ്യോ (CRAR) മെച്ചപ്പെടുന്നതിലൂടെ വായ്പ സേവനങ്ങല്‍ വിപുലപ്പെടുത്താനും കഴിയും
പൊതുജനങ്ങള്‍ക്കും ഉടമകളാകാം
ഐആര്‍ഇഡിഎയുടെ പ്രാഥമിക ഓഹരി വില്‍പനയിലൂടെ (ഐപിഒ), ഇതുവരെ നടത്തിയ നിക്ഷേപങ്ങളുടെ മൂല്യമതിപ്പ് സ്വായത്തമാക്കാന്‍ സര്‍ക്കാരിനെ സഹായിക്കും. ഇതിലൂടെ കമ്പനിയുടെ ഭാവി പദ്ധതികള്‍ക്കും വികസനത്തിനും ആവശ്യമായ പണം കണ്ടെത്താന്‍ പൊതു ഖജനാവിനെ ആശ്രയിക്കേണ്ടെന്ന മെച്ചവും ലഭിക്കും. കൂടാതെ, പൊതു ജനങ്ങള്‍ക്കും ദേശത്തിന്റെ ആസ്തികള്‍ സ്വന്തമാക്കാനും അതിന്റെ ഗുണഫലം കരസ്ഥമാക്കാനുള്ള അവസരം തെളിയും. വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ ഭരണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമമാകുകയും ചെയ്യുമെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ഐ.ആര്‍.ഇ.ഡി.എ
പുനരുപയോഗ ഊര്‍ജ മേഖലയില്‍ സവിശേഷ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായി 1987-ല്‍ രൂപീകരിച്ച പൊതു മേഖലാ സ്ഥാപനമാണ് ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി അഥവാ ഐആര്‍ഇഡിഎ. മിനി രത്‌ന (കാറ്റഗറി-1) പദവി നേടിയ കമ്പനിയുമാണിത്. കേന്ദ്ര നവ - പുനരുപയോഗ മന്ത്രാലയത്തിന്റെ (MNRE) അധികാര പരിധിയിക്ക് കീഴിലാണ് പ്രവര്‍ത്തനം.
സാങ്കേതിക - വാണിജ്യ മേഖലകളില്‍ വൈദഗ്ധ്യമുള്ളതും 3 പതിറ്റാണ്ടിലധികം പ്രവര്‍ത്തന പരിചയവുമുള്ള ഐആര്‍ഇഡിഎ, പുനരുപയോഗ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആത്മവിശ്വാസമേകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ചുക്കാന്‍ പിടിക്കുന്നത്. 2030-ഓടെ രാജ്യത്ത് ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്നുള്ള ഊര്‍ജ ഉത്പാദനത്തിന്റെ സ്ഥാപിത ശേഷി 500 ജിഗാവാട്ട് എന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാന്‍ ഐആര്‍ഇഡിഎ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ