സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ഉത്തേജനനടപടികളുണ്ടാകുമെന്ന സൂചന നല്‍കി നിര്‍മ്മല സീതാരാമന്‍


DECEMBER 9, 2019, 2:47 PM IST

ന്യൂഡല്‍ഹി:രണ്ടാം പാദത്തിലെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായി കുറഞ്ഞതോടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള കൂടുതല്‍ നടപടികള്‍ വിഭാവന ചെയ്യുകയാണ് കേന്ദ്രഗവണ്‍മെന്റ്. ഇതിന്റെ ഭാഗമായി വരുമാനനികുതിയിലും ജിഎസ്ടിയിലും വീണ്ടും പരിഷ്‌ക്കരണമുണ്ടാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. നേരത്തെ കോര്‍പറേറ്റ് നികുതി 22 ശതമാനം കുറച്ചതുള്‍പ്പടെയുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ കൈകൊണ്ടെങ്കിലും അതൊന്നും സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തില്‍ പ്രതിഫലിച്ചില്ല. മാത്രമല്ല, നിര്‍ണ്ണായക മേഖലകള്‍ ശരാശരി പ്രകടനം തുടരുന്നതിനാല്‍ തുടര്‍ന്നുള്ള പാദങ്ങളിലും സമ്പദ് വ്യവസ്ഥയുടെ പ്രകടനം മോശമാകാനാണ് സാധ്യതതാനും. ഈ അവസരത്തിലാണ് ധനമന്ത്രി പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഉള്ളിയുടെ വിലവര്‍ധന കാരണം കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്ന ധനമന്ത്രി പക്ഷെ തന്റെ ഭാഗം വിശദീകരിക്കാനാണ് പ്രഭാഷണത്തില്‍ ശ്രമിച്ചത്. വളര്‍ച്ച വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായി  ബാങ്കുകള്‍ ഏതാണ്ട് 5 ലക്ഷം കോടി രൂപ വായ്പകള്‍ വിതരണം ചെയ്തുവെന്നും അതില്‍ കൂടുതലും ഗ്രാമീണ മേഖലയിലാണെന്നും മന്ത്രി പറഞ്ഞു. ഏതാണ്ട് 400 ഓളം ഗ്രാമീണ ലോണ്‍ മേളകള്‍ സംഘടിപ്പിച്ച് നിരവധി പേര്‍ക്ക് പണയരഹിത വായ്പകള്‍ നല്‍കാന്‍ കഴിഞ്ഞു.  കൂടാതെ ഇനിയും വായ്പ മേളകള്‍ സംഘടിപ്പിക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കയുമാണ്.

ഇത്തരം ലോണുകള്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ലെന്നും ബാങ്കുകള്‍ അവ എങ്ങിനെ തിരിച്ചുപിടിക്കുമെന്ന കാര്യം ആശങ്കയുണ്ടാക്കുന്നതാണെന്നും സാമ്പത്തിക കാര്യ വിദഗ്ദ്ധര്‍ പറയുന്ന സാഹചര്യവും നിലവിലുണ്ട്.  എന്നാല്‍ ലോണ്‍മേളകളിലൂടെ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നുതന്നെയാണ് സര്‍ക്കാര്‍ കരുതുന്നത്.

സമ്പദ് വ്യവസ്ഥയെ പുനരൂജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും വായ്പലഭ്യത വര്‍ധിപ്പിക്കുന്നതും അടിസ്ഥാനസൗകര്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതും അതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

പരിഷ്‌ക്കാര നടപടികള്‍

വരുമാനത്തെ ബാധിക്കുമെങ്കിലും വ്യക്തിഗത നികുതി പരിഷ്‌ക്കാരത്തിലൂടെ ജനങ്ങളുടെ കൈകളില്‍ കൂടുതല്‍ പണമെത്തിച്ച് ഉപഭോഗം ത്വരതപ്പെടുത്താമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതിനായുള്ള ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ഉത്തേജനനടപടികള്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്ന് രഘുറാം രാജനെപ്പോലെയുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ജിഎസ്ടിയെ സുംസംഘടിതമാക്കുക എന്നതാണ് സര്‍ക്കാര്‍ കൈകൊള്ളുന്ന മറ്റൊരു നടപടി. മൂന്ന് സ്ലാബ് ഏര്‍പ്പെടുത്തി ജിഎസ്ടി സംവിധാനത്തെ ലളിതവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  നിലവില്‍ നാല് സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്. നികുതിയില്ലാത്ത ഉല്‍പന്നങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ വരാനിരിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ മീറ്റിംഗില്‍ ഒഴിവാക്കിയ ചില ഉത്പന്നങ്ങളെ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയേക്കും. നേരത്തെ ജിഎസ്ടി ഏര്‍പ്പെടുത്തിയതിന് ശേഷം സര്‍ക്കാറിന്റെ വരുമാനത്തില്‍ കുറവ് നേരിട്ടുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

വിശ്വസനീയത ഉറപ്പുവരുത്തും

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കണക്കാക്കുന്നതിലെ അശാസ്ത്രീയത തടഞ്ഞ് അവയെ വിശ്വസനീയമായ രീതിയില്‍ തിട്ടപ്പെടുത്താനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്നും ധനനമന്ത്രി അറിയിച്ചു.