കോവിഡ് 19 മാറ്റിവരച്ച ബിസിനസ് ജീവിതം


JANUARY 5, 2021, 10:57 AM IST

അപ്രതീക്ഷിത മാറ്റങ്ങളുടെ ഒരു വർഷമാണ് കടന്നുപോയത്. തൊട്ടറിയുന്ന ഇടങ്ങളിൽ നിന്ന് ഡിജിറ്റൽ ഇടങ്ങളിലേക്ക് ജീവിതം ചുവടുമാറിയ വർഷം. ഈ വർഷം ഡിജിറ്റൽ വിഭജനത്തെ മറികടന്ന പലർക്കും ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ല. ഏതാനും മാസങ്ങൾക്കുള്ളിലാണ് ഭൗതികലോകവും  ഡിജിറ്റൽലോകവും തമ്മിലുള്ള ഒരു വെച്ചുമാറ്റമവർ നടത്തിയത്.

വ്യാപാര ശാലകൾ ഇല്ലാതെ ബിസിനസ് നടത്താൻ റീറ്റെയ്ൽ വ്യാപാരികൾ പഠിച്ചു കഴിഞ്ഞു. ബിസിനസ് യാത്രക്കാർക്ക് വിമാനങ്ങൾആവശ്യമില്ല. ജോലിചെയ്യാനായി ഇനി ഓഫീസുകളിലേക്കും പോകേണ്ടതില്ല.താൽക്കാലിക സംവിധാനമെന്ന നിലയിലാണ് ഇതെല്ലാം തുടങ്ങിയത്. എന്നാൽ അതെല്ലാം ഒരു സ്ഥിരം സംവിധാനമായി മാറുകയാണ്.

കോവിഡ് 19 ഒരു യന്ത്രം പോലെയാണ് പ്രവർത്തിച്ചത്. 2030നെ അത് 2020 ആക്കി മാറ്റി. ഓഹരി വിപണി മുതൽ കോർപ്പറേറ്റ് ചിലവഴിക്കലുകൾ വരെയും പണത്തിന്റെ നേരിട്ടുള്ള ഉപയോഗം കുറയുന്നതു വരെയുമുള്ള എല്ലാ കാര്യങ്ങളിലും അത് പ്രതിഫലിക്കുന്നു.

ഉപയോഗിച്ച കാറുകളുടെ ഓൺലൈൻ വിപണി പോലുള്ള  ഡിജിറ്റൽവൽക്കരണം തീവ്രഗതിയിലാക്കുകയും ആസ്തികൾ ലഘുവാക്കുകയും ചെയ്യുന്ന കമ്പനികളിലാണ് നിക്ഷേപകർ കഴിഞ്ഞ വർഷം താൽപ്പര്യം പ്രകടിപ്പിച്ചത്. ഓഫിസ് സ്ഥലങ്ങൾക്കും യാത്രകൾക്കുമായി ചിലവഴിക്കുന്നതെല്ലാം ബിസിനസുകാർ കുറച്ചു. ക്ലൗഡ്‌ കമ്പ്യൂട്ടിങ്, കൊളാബോറേഷൻ സോഫ്റ്റ്‌വെയർ, ലോജിസ്റ്റിക്സ് എന്നിവക്കായാണ് കൂടുതൽ പണം ഇന്ന് കമ്പനികൾ ചിലവഴിക്കുന്നത്. 

കഴിഞ്ഞ അരനൂറ്റാണ്ടായി നടക്കുന്ന ഒരു പ്രക്രിയയുടെ അടുത്ത അധ്യായമാണ് ഡിജിറ്റൽവൽക്കരണം. സമ്പദ്ഘടനയുടെ നിലവിലെ രൂപങ്ങളെ ഇല്ലാതെയാക്കുന്നതാണത്.

സമ്പദ്ഘടനയുടെ ശിഖരത്തിൽ ഒരു ഘട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കാർഷികവൃത്തി ആദ്യം വ്യാവസായിക ഉൽപ്പാദനത്തിനും പിന്നീട് സേവനങ്ങൾക്കും വഴിമാറിയതു പോലെ ഇന്ദ്രിയഗോചരമായ വസ്തുക്കളിൽ നിന്നും ശാരീരിക അദ്ധ്വാനത്തിൽ നിന്നുമുള്ള മൂല്യങ്ങളുടെ വിഹിതം കുറയുകയും വിവരസാങ്കേതികവിദ്യയിൽ നിന്നും തലച്ചോറിൽ നിന്നുമുള്ള ഉത്പന്നങ്ങൾ സൃഷ്ടിക്കുന്ന മൂല്യങ്ങളുടെ വിഹിതം കൂടുകയും ചെയ്യുന്നു. സാമ്പത്തികോൽപ്പാദനം നിരന്തരമെന്നോണം ഭാരരഹിതമായിക്കൊണ്ടിരിക്കുന്നു. 

ഇവിടെ മഹാമാരി മാത്രമല്ല ഒരു ഘടകമായുള്ളത്. കാലാവസ്ഥാ വ്യതിയാനം ജൈവ ഇന്ധനങ്ങൾക്കു പകരം ആവർത്തനാർഹമായ ഊർജ്ജസ്രോതസ്സുകളുടെ വികസനം അനിവാര്യമാക്കിത്തീർക്കുന്നു.

സോളാർ, കാറ്റ് എന്നിവയിൽ നിന്നുമുള്ള ഊർജ്ജത്തിന് ഇന്ധനങ്ങളോ, സംഭരണ ടാങ്കുകളോ, പൈപ്പ് ലൈനുകളോ, റെയിൽകാറുകളോ, ടാങ്കർഷിപ്പുകളോ ആവശ്യമില്ല. ജൈവ ഇന്ധനങ്ങളുടെ വിലയിടിവിന്റെയും നിക്ഷേപങ്ങൾ കുറയുന്നതിന്റെയും പ്രക്രിയക്ക് മഹാമാരി ആക്കം വർധിപ്പിച്ചു.   

വിവരസാങ്കേതി വിദ്യയാണ് ഇന്നത്തെ ഏറ്റവും വലിയ ചാലകശക്തി. അതിന്റെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ വളരെ കുറച്ചു മാത്രം വിലയിരുത്തപ്പെട്ടിട്ടുള്ളതുമായ ഒരു പങ്കിനെ "വലിയ കാപട്യം" എന്നാണു നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ചരിത്രകാരനായ ജോയൽ മോകെയർ വിശേഷിപ്പിച്ചിട്ടുള്ളത്. യഥാർത്ഥമെന്നു തോന്നിപ്പിക്കുന്ന, വിർച്വലൈസഷൻ എന്ന് പേരുള്ള ഡിജിറ്റൽ മിമിക്രിയാണ് അത് നൽകുന്നത്.

എന്താണ് ഈ പറഞ്ഞതിനർത്ഥം? 1850ൽ ഒരു സംഗീത പരിപാടി കേൾക്കണമെങ്കിൽ അവിടേക്ക് നേരിട്ട് പോകുകയേ മാർഗമുണ്ടായിരുന്നുള്ളു. പിന്നീട് പിയാനോ റോളുകൾ വന്നു, വിനൈൽ  റെക്കോഡുകൾ വന്നു, സിഡികളായി... ഇപ്പോൾ ഇന്റർനെറ്റ് വഴി വിതരണം (സ്ട്രീമിങ്) ചെയ്യുകയാണ്.

പുതിയ കണ്ടുപിടുത്തങ്ങൾ ആസ്വദിക്കേണ്ട സംഗീതത്തെ നേർപ്പിച്ചില്ലാതെയാക്കുന്നു. ഒരു റെക്കോഡിന്റെയോ കാസറ്റിന്റെയോ സിഡിയുടെയോ വിലയുടെ മൂന്നിലൊരുഭാഗമെങ്കിലും അതിന്റെ നിർമ്മാതാവിനും റീറ്റെയ്ൽ വിൽപ്പനക്കരെപ്പോലുള്ള വിതരണക്കാർക്കും ലഭിക്കുമായിരുന്നു. ഇപ്പോൾ ഡൌൺ ലോഡ് ചെയ്യപ്പെടുന്ന സംഗീതത്തിന്റെ അദൃശ്യമായ വില പാട്ടുകാരനും പാട്ടെഴുതിയ ആളും അത് വിതരണം ചെയ്യുന്ന ആൾ അല്ലെങ്കിൽ പ്ലാറ്റ്‌ഫോമിനും ലഭിക്കുന്നു.

വിനോദോപാധിയായ സിനിമയുടെ ലോകത്തും മഹാമാരി ഇപ്പോൾ സമാനമായ കാര്യങ്ങൾ തീവ്രഗതിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. 2021ൽ തങ്ങളുടെ എല്ലാ സിനിമകളും എച്ച്ബിഒ മാക്സ് സ്ട്രീമിങ് സർവീസിലൂടെ മാത്രം പ്രദർശിപ്പിക്കുന്നതിനു  വാർണർ ബ്രദേഴ്‌സ് തീരുമാനിച്ചിരിക്കുന്നു. ഇത് ഇപ്പോൾ സിനിമ ആസ്വദിക്കുന്ന തീയേറ്ററുകൾ എന്ന ഭൗതിക ഇടം വളരെ ചെറുതാക്കുമെന്ന ഭീഷണി ഉയർത്തുന്നു.

മിക്ക കമ്പനികളും അവയുടെ ബോർഡ് റൂമുകൾ ദൂരെയിരുന്നു ജോലിചെയ്യുന്നതിനു സൂംപോലുള്ള വിർച്വൽ മീറ്റിംഗ് ഉപകരണങ്ങളുടേതാക്കി മാറ്റിയിരിക്കുന്നു. കമ്പനി മേധാവികളും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധങ്ങൾ വിർച്വൽ രൂപത്തിലാക്കുന്ന സാങ്കേതികവിദ്യയുടെ  വലിയ "കാപട്യം" എന്ന് മോകെയർ വിശേഷിപ്പിച്ചതിലേക്കുള്ള മാറ്റത്തെയാണിത്  കാണിക്കുന്നത്. 

ചില്ലറ വ്യാപാര മേഖലയിൽ ഓൺലൈൻ മാതൃക സ്വീകരിക്കുന്നതിനുള്ള പരമ്പരാഗതമായ ഒരു തടസ്സം നേരിട്ട് ഷോപ്പിംഗ് നടത്തുമ്പോഴുള്ള അനുഭവങ്ങൾ അതിനു പ്രദാനം ചെയ്യാൻ കഴിയുന്നില്ലായെന്നതാണ്. അത് മുറിച്ച് കടക്കാൻ പുസ്തകങ്ങളുടെ നേരിട്ടുള്ള വില്പനയിലൂടെയാണ് ആമസോൺ തുടക്കമിട്ടത്. ഒരുവസ്ത്രമോ അല്ലെങ്കിൽ ഒരുപകരണമോ വാങ്ങുമ്പോൾ അവയിൽ സ്പർശിച്ചു നോക്കേണ്ടതായ ഒരാവശ്യം ജെയിംസ് പാറ്റേഴ്‌സന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ കാര്യത്തിലില്ലെന്നതായിരുന്നു അവരുടെ വാദം. 

എന്നാൽ അതിനു ശേഷം ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുന്നതിനോടുള്ള ഉപഭോക്താക്കളുടെ വൈമനസ്യം കുറഞ്ഞു വന്നു. മഹാമാരി അതിനെ കൂടുതൽ പ്രോത്സാഹിപ്പിച്ചു. നേരിട്ട് വാങ്ങുമ്പോഴുള്ളഅനുഭവം തോന്നിപ്പിക്കുന്നതിനുള്ള വിദ്യകൾ റീറ്റെയ്ൽ വ്യാപാരികൾ ആവിഷ്ക്കരിക്കുകയും ചെയ്തു. 

ഉപയോഗത്തിലിരുന്ന ഒരു കാറിന്റെ അകവും പുറവുമുള്ള ദൃശ്യങ്ങൾ 360 ഡിഗ്രിയിൽ കാണിക്കുകയും ഓൺലൈൻ വായ്‌പാ സൗകര്യം ഏർപ്പെടുത്തുകയും അതിനു ശേഷം കാർ നേരിട്ട് വീട്ടിലോ അല്ലെങ്കിൽ അതിനു സമീപമുള്ള ഒരു "വെൻഡിങ് മെഷീനി"ലോ എത്തിക്കുകയുംചെയ്യുന്നു.

മഹാമാരിയുടെ സമയത്ത് ഈ ബിസിനസ് ശക്തിപ്പെട്ടു. ഉപയോഗിച്ച ഒരു കാർ  ഡ്രൈവ് ചെയ്തു നോക്കാതെ തന്നെ ആൾക്കാർ വാങ്ങി. കണ്ണടകൾ ഓൺലൈനിൽ വാങ്ങാൻ വിമുഖതയുള്ളവർക്കായി അവ താൻ ധരിച്ചാലുണ്ടാകുന്ന 3 ഡി  ദൃശ്യങ്ങൾ ചില ആപ്പിൾ ഐ ഫോണുകളിൽ കാണാവുന്നതാണ്. 

നേരിട്ട് സാധനങ്ങൾ വാങ്ങുന്നതിനുപകരം അവ വിർച്വൽ ആയി വാങ്ങുന്ന രീതി പണത്തിന്റെ കൊടുക്കൽ വാങ്ങലുകൾ നേരിട്ടല്ലാതെ ദൂരെയിരുന്നു കൊണ്ടുതന്നെ നടത്താവുന്നതും പണത്തിന്റെ പങ്ക് ചുരുങ്ങിവരുന്നതുമായ ഒരു രീതിക്കൊപ്പം തന്നെയാണ് പുരോഗമിച്ചത്.

മഹാമാരി പണരഹിത സാങ്കേതികവിദ്യ കൂടുതലായി പ്രോത്സാഹിപ്പിച്ചു. ജെപി മോർഗൻ,  ചേസ് & കമ്പനി എന്നിവരുടെ കണക്കുകൾ പ്രകാരം കാർഡുകൾ  ഹാജരാക്കാതെയുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഫെബ്രുവരിയിൽ 40% ആയിരുന്നത് ഡിസംബർ ആയപ്പോഴേക്കും 50%മായി വർദ്ധിച്ചു.

മഹാമാരിയുടെ സമയത്ത് പലവ്യാപാരികൾക്കും ഈ മാറ്റം നിലനില്പിനു തന്നെ അനിവാര്യമായി. മഹാമാരിയുടെ സമയം വരെയും പല വ്യാപാരികളും അത് സമയവും പണവും ഏറെ ആവശ്യമുള്ളതും സാങ്കേതികവിദ്യാശേഷി കൈവരിക്കേണ്ട ഒന്നായി കരുതി ഓൺലൈൻ വ്യാപാരത്തോടു വിമുഖത കാട്ടിയിരുന്നു. എന്നാൽ അതങ്ങനെയല്ല. ഒരു ശരാശരി കമ്പനിക്കു പോലും ഒറ്റ ദിവസം കൊണ്ട് ഓൺലൈൻ ആയി മാറാമെന്ന അവസ്ഥ വന്നിരിക്കുന്നു. ഒരു മാസം അതിനായി 29 ഡോളർ മാത്രമേ നൽകേണ്ടതുള്ളൂ.

ആമസോണിലൂടെ വിൽക്കാതെ തന്നെ ഒരു ബിസിനസ് സ്ഥാപനത്തിന് ഷോപ്പിഫൈയിലൂടെ ആമസോണിന്റെ അതേ പ്രവർത്തനങ്ങൾ നടത്തുന്ന വെബ്സൈറ്റ് സ്ഥാപിക്കാം. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ അത് സ്ഥാപിച്ചിട്ടുള്ള വ്യാപാരികളുടെ എണ്ണം ഇരട്ടിയോളമായി വർധിച്ചു.

ഓൺലൈനിൽ  ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ബ്രാൻഡ് ഉൽപ്പന്നങ്ങളുടെയും എണ്ണം പെരുകിയത് "നെറ്റ്‌വർക്ക് സ്വാധീനം" സൃഷ്ടിക്കുന്നു. കൂടുതൽ ഉപയോക്താക്കൾ വരുമ്പോൾ അത് പിന്തുടരാൻ മറ്റുള്ളവരും നിർബ്ബന്ധിതരാകുന്നു. വ്യാപാരികളും സാങ്കേതികവിദ്യാ വിതരണക്കാരും ആവിഷ്ക്കരിക്കുന്നു നൂതനമായ രീതികളും നെറ്റ്‌വർക്ക് സ്വാധീനം വർദ്ധിപ്പിക്കുന്നുണ്ട്. മഹാമാരി തുടങ്ങിയതിനുശേഷം ഓൺലൈൻ  അനുഭവം ദിവസേനയെന്നോണം കൂടുതൽ  മെച്ചപ്പെടുകയാണ്. 

ഡിജിറ്റൽവൽക്കരണം ഭൗതിക ആസ്തികളുടെ ആവശ്യകത പൂർണമായി ഒഴിവാക്കുന്നില്ല. 2019ൽ ആമസോൺ യുഎസിൽ മറ്റേതൊരു കമ്പനിയെക്കാളും കൂടുതൽ മൂലധന ചിലവുകൾ നടത്തുകയുണ്ടായി.

ഓൺലൈൻ സ്ഥാപനങ്ങൾ കൂടുതലും സാങ്കേതിക വിദ്യ, സംഭരണകേന്ദ്രങ്ങൾ, വിതരണവാഹനങ്ങൾ, ഷോപ്പുകൾക്ക് പുറത്തുള്ള സംവിധാനങ്ങൾ, ഓഫിസുകൾ, യന്ത്രസാമഗ്രികൾ എന്നിവക്കായിട്ടാകും നിക്ഷേപങ്ങൾ നടത്തുക. ഉപഭോക്താക്കളുടെ സൗകര്യാർത്ഥമാകും റീറ്റെയ്ൽ സ്റ്റോറുകളും സംഭരണ കേന്ദ്രങ്ങളും തയ്യാറാക്കുക. അതിലൂടെ അവർ അദ്ധ്വാന ശക്തിയും സ്ഥലവും കൂടുതൽ ലാഭിക്കുന്നു. ഇതിന്റെ ഫലമായി ആമസോണിലെ ഒരു ജീവനക്കാരൻ വാൾമാർട്ടിലെ ഒരു ജീവനക്കാരൻ നടത്തുന്ന വിൽപ്പനയെക്കാൾ 50% കൂടുതൽ വിൽപ്പന നടത്തുന്നു. 

കോവിഡ് വാക്സിൻ  വ്യാപകമായി ലഭ്യമാകുകയും വൈറസ് അപ്രത്യക്ഷമാകുകയും ചെയ്യുമ്പോൾ  ഇതിൽ കുറേക്കാര്യങ്ങളിലെങ്കിലും ഒരു തിരിച്ചുപോക്കുണ്ടായേക്കും. ഓരോ തവണയും നിയന്ത്രണങ്ങൾക്ക് ശേഷം റസ്റ്ററന്റുകളിലേക്ക് അതുതിവേഗമുള്ള മടങ്ങിപ്പോക്ക് ഭൗതിക സാന്നിധ്യത്തിനുള്ള ജനങ്ങളുടെ താൽപ്പര്യത്തെ സാക്ഷ്യപ്പെടുത്തുന്നു. തൊഴിൽപരമായ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതും നർമ്മസല്ലാപങ്ങൾ നടത്തുന്നതുമെല്ലാം ഓഫീസുകളുടെ  കോഫി ഹൗസുകളിലാവുമല്ലോ നന്നാവുക?

ഭൗതിക ആസ്തികളുടെ ഇല്ലാതെയാക്കൽ അനന്തമായി തുടരാൻ കഴിയില്ല. വരുമാനത്തിലെ കുറവ് ഇവിടെയും സംഭവിക്കും. യാഥാർഥ്യത്തെ നമുക്ക് അനുകരിക്കാൻ കഴിയും. എന്നാൽ മനുഷ്യൻ ഡിജിറ്റൽ ജീവിയല്ല. പരിണാമപരമായുള്ള പശ്ചാത്തലം ഭൗതിക അനുഭവങ്ങൾ തുടർന്നും ആവശ്യപ്പെട്ടു കൊണ്ടിരിക്കും; ഒരുപക്ഷെ മുമ്പെന്നത്തേക്കാളും കൂടുതലായി അതാവശ്യമാക്കിയെന്നുമിരിക്കും.

2001 സെപ്റ്റംബറിലെ ഭീകരാക്രമണങ്ങൾക്കു ശേഷം വിഡിയോ കോൺഫറൻസിങ്ങിലേക്കും,ടെലികമ്യൂട്ടിങ്ങിലേക്കും  ഒരു മാറ്റമുണ്ടാകുമെന്ന പ്രവചനം ഫലിച്ചില്ല. അതിനാവശ്യമായ സാങ്കേതികവിദ്യാ സൗകര്യങ്ങൾ വളരാത്തതും ലഭ്യമായവ തന്നെ ചെലവേറിയതും ആയതായിരുന്നു കാരണം. അതേസമയം മഹാമാരി ഉണ്ടായത് അനേകം തൊഴിലാളികൾക്ക് ഹൈസ്പീഡ് ഇന്റർനെറ്റും കാമറയും  വിഡിയോ കോൺഫറൻസിങ്ങിനുള്ള  സോഫ്റ്റ് വെയറും ഉള്ളപ്പോഴായിരുന്നു. 

മഹാമാരിക്ക് മുമ്പ് 5% തൊഴിലാളികൾ മാത്രമേ വീടുകളിൽ കഴിഞ്ഞിരുന്നുള്ളൂ. നവംബറിൽ അത് 50% മായി ഉയർന്നു. മഹാമാരി കഴിഞ്ഞാലും 22% വീടുകളിലിരുന്നു തന്നെ ജോലിചെയ്യാമെന്നു പ്രതീക്ഷിക്കുന്നു. പല സ്ഥാപനങ്ങളും വീടുകളിരുന്നുള്ള ജോലിയിലൂടെയാണ് ഭാഗിക പ്രവർത്തനം നടത്തുന്നത്. അത് ചിലവുകൾ കുറക്കുന്നുണ്ട്. മറ്റു സ്ഥാപനങ്ങളും ആ മാതൃക പിന്തുടരുന്നു. 

2020 നെ നഷ്ടപ്പെട്ടുപോയ ഒരുവർഷമായി എഴുതിത്തള്ളുകയാണ് പല കമ്പനികളും. എന്നാൽ പല ദീർഘകാല ലക്ഷ്യങ്ങളിലേക്ക് നമ്മെ വേഗതയിൽ കൊണ്ടെത്തിച്ച ഒരുപ്രവർത്തനത്തിന്റെ വർഷമായിരുന്നു അതെന്നതാണ്  യാഥാർഥ്യം.

Other News