ജെറ്റ് എയര്‍വേസിന്റെ പാപ്പര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനായി ബാങ്കുകള്‍ 10 മില്ല്യണ്‍ ഡോളര്‍ നല്‍കും


JULY 20, 2019, 1:42 PM IST

മുംബൈ: കടക്കെണിയിലായി പ്രവര്‍ത്തനം നിറുത്തിയ ജെറ്റ് എയര്‍വേസിന്റെ പാപ്പര്‍പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കമ്പനിയ്ക്ക് 10 മില്ല്യണ്‍ ഡോളര്‍ കൂടി അനുവദിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കമ്പനിയ്ക്ക് വന്‍ തുക കടം നല്‍കിയ ബാങ്കുകളുടെ കൂട്ടായ്മയാണ് പണം അനുവദിച്ചത്. പാപ്പര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രൊഫഷണലുകളെ നിയമിക്കാനാണ് ഈ പണം വിനിയോഗിക്കുക.

പാപ്പര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് കമ്പനിയ്ക്ക് പണമായി 10,231 കോടി രൂപ നല്‍കിയവരാണ് കമ്പനിയുടെ ആസ്തികളുടെ ആദ്യ അവകാശികള്‍. അതായത് മൊത്തം കടമായ 24,887 കോടി രൂപയില്‍ 8,462.79 കോടി രൂപയ്ക്ക് ഇവര്‍ക്ക് അവകാശമുണ്ടായിരിക്കും. 1,380.82 കോടി രൂപയുടെ അവകാശവാദം ഇതിനോടകം നിരാകരിക്കപ്പെട്ടിട്ടുണ്ട്. 2400 പേര്‍ 12,372 കോടി  പ്രവര്‍ത്തന ചെലവുകള്‍ക്കായും നല്‍കിയിട്ടുണ്ട്. ആസ്തികളിലുള്ള ഇവരുടെ അവകാശവാദങ്ങള്‍ പിന്നീട് പരിശോധിക്കും.ഇത് സംബന്ധിച്ച് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ 23 ന് വാദം കേള്‍ക്കും.

ഏപ്രില്‍ 18 നാണ് കടഭാരത്താല്‍ ജെറ്റ് എയര്‍വേസ് നിലത്തിറക്കിയത്.  പിന്നീട് എസ്ബിഐയുടെ നേതൃത്വത്തിലുള്ള 26 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 8500 കോടി രൂപ തിരിച്ചുപിടിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ട്രബ്യൂണലിനെ സമീപിക്കുകയും ജൂണ്‍ 20 ന് നാഷണല്‍ ലോ ട്രിബ്യൂണല്‍ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തു.നേരത്തെ കമ്പനിയുടെ ആസ്തികള്‍ ലേലം ചെയ്യുന്നതിന് ബാങ്കുകള്‍ അനുമതി നല്‍കിയിരുന്നു. ഇത് പ്രകാരം കമ്പനി ആസ്തികള്‍ ലേലത്തില്‍ വാങ്ങുന്നതിന് അപേക്ഷകരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ ഉടന്‍ നല്‍കും. ആയിരം കോടി ആസ്തിയുള്ളവര്‍ക്ക് ലേലത്തില്‍ പങ്കുകൊള്ളാം.