കൊറോണ: മാസ്‌ക്, കൈയ്യുറ, ഗൗണ്‍ എന്നിവക്കു ക്ഷാമം; വിലയേറുന്നു


FEBRUARY 8, 2020, 10:32 AM IST

ജനീവ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌ക്, കൈയ്യുറ, ഗൗണ്‍ തുടങ്ങിയ പ്രതിരോധ സാമഗ്രികളുടെ ആവശ്യകത ആഗോളതലത്തില്‍ 100 ഇരട്ടി വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന. ആഗോള വിപണിയില്‍ ആവശ്യത്തിനു സാധനം കിട്ടാതായതോടെ വില വര്‍ധിച്ചതായും സംഘടന ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്ന ഗൗണ്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ വാങ്ങുന്നതു സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുകയാണെന്നും അദ്ദേഹം ജനീവയില്‍ മാധ്യമങ്ങളോടു പറഞ്ഞു. 

വിതരണം കുറയുകയും ആവശ്യകത വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൂഴ്ത്തവെക്കലും അമിത ഈടാക്കലും പോലുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാവരുടെയും പിന്തുണ ആവശ്യപ്പെടുന്നത്. ആവശ്യകത നൂറിരട്ടിയായി വര്‍ധിച്ചു. വില 20 മടങ്ങും വര്‍ധിച്ചു. നിര്‍മാണത്തിലും വിതരണത്തിലും കുറവും സംഭവിച്ചിട്ടുണ്ട്. ചൈനയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വലിയ തോതില്‍ പ്രതിരോധ ഉപകരണങ്ങളും വസ്ത്രങ്ങളും ആവശ്യമുണ്ട്. അത്യാവശ്യക്കാര്‍ക്ക്, പ്രതേകിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവ ഉറപ്പാക്കണമെന്നു നിര്‍മാതാക്കളോടും വിതരണക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനയുടെ നേതൃത്വത്തില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലേക്കു കൈയ്യുറകളും മാസ്‌കുകളും മറ്റു അവശ്യ മരുന്നുകളും അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മെഡിക്കല്‍ മാസ്‌കുകള്‍ ലഭിക്കാതായതോടെ പച്ചക്കറി, പഴങ്ങളുടെ തോടും സാനിറ്ററി നാപ്കിനും ബ്രായും ഉള്‍പ്പെടെ വസ്തുക്കല്‍ ചൈനീസ് ജനത ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Other News