സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ മൂലധനാടിത്തറ സൃഷ്ടിക്കണം


APRIL 4, 2021, 6:57 PM IST

തിരുവനന്തപുരം: സാമ്പത്തിക സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ തക്ക മൂലധനാടിത്തറ സൃഷ്ടിക്കണമെന്നും ഉയര്‍ന്ന ധാര്‍മികത പുലര്‍ത്തണമെന്നും റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എം രാജേശ്വര്‍ റാവു പറഞ്ഞു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ 30,000-ഓളം വരുന്ന ജീവനക്കാര്‍ക്ക് പ്രചോദനം നല്‍കുന്നതിനായി സംഘടിപ്പിച്ചു വരുന്ന മൈന്‍ഡ് ടു മൈന്‍ഡ് പ്രഭാഷണ പരമ്പരയുടെ 29-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു രാജേശ്വര്‍ റാവു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കോവിഡ് തളര്‍ച്ചയില്‍ നിന്ന് കരകയറിയെന്നും വിവിധ സൂചികകള്‍ ഒരു തിരിച്ചുവരവിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഈയിടെ കാണപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധന, മുന്‍കരുതല്‍ എടുക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നു. ഇത് കണക്കിലെടുത്താണ് സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ തക്ക മൂലധനാടിത്തറ സൃഷ്ടിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തത്. സാമ്പത്തിക സ്ഥാപനങ്ങള്‍ വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടേയും നഷ്ടസാധ്യതകളേയും കുറിച്ച് ജാഗ്രത കാണിക്കണം. മികച്ച ഭരണസംവിധാനം നടപ്പിലാക്കണം, ഉയര്‍ന്ന ധാര്‍മികമൂല്യങ്ങള്‍ പുലര്‍ത്തണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂലധനം, തൊഴില്‍, നൈപുണ്യം തുടങ്ങിയ എല്ലാ മേഖലകളും കോവിഡാനാനന്തര സാമ്പത്തിക സാഹചര്യങ്ങള്‍ക്കിണങ്ങുന്ന വിധം ശക്തമായതും പരിസ്ഥിതിക്കിണങ്ങുന്നതുമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ തയ്യാറെടുക്കണം. വളര്‍ച്ച ആസൂത്രണം ചെയ്യുമ്പോള്‍ കാലാവസ്ഥാ മാറ്റവും ഗ്രീന്‍ ഫിനാന്‍സും പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങളും പരിഗണിക്കണം. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര നിലനില്‍പ്പിനുള്ള അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള അവസരമായി വേണം നിലവിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനെന്നും അദ്ദേഹം പറഞ്ഞു.

Other News