തടസപ്പെട്ടതിനു പിന്നാലെ ഫേസ് ബുക്ക് ഓഹരികള്‍ക്ക് തിരിച്ചടി


OCTOBER 5, 2021, 1:01 PM IST

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ പ്രവര്‍ത്തന രഹിതമായതിനു പിന്നാലെ ഓഹരി വിപണിയില്‍ തിരിച്ചടി നേരിട്ട് ഫേസ്ബുക്ക്. ശൃംഖലയിലെ ആപ്പുകളെല്ലാം പ്രവര്‍ത്തന രഹിതമായതിന് പിന്നാലെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവ് ഫേസ്ബുക്ക് നേരിട്ടു. ഈ വര്‍ഷം ആദ്യമായാണ് ഫേസ്ബുക്ക് ഓഹരി ഇടിവ് നേരിടുന്നത്.

ഇതിന് മുമ്പ് 2019ലാണ് സാങ്കേതിക തടസം മൂലം ഫേസ്ബുക്ക് പണിമുടക്കിയത്. അന്ന് 14 മണിക്കൂര്‍ ഉപഭോഗതാക്കള്‍ സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. ഇന്ത്യയില്‍ മാത്രം ഫേസ്ബുക്കിന് 41 കോടിയും വാട്സ്ആപ്പിന് 53 കോടിയും ഇന്‍സ്റ്റാഗ്രാമിന് 21 കോടിയും ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.

ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയെല്ലാം പ്രവര്‍ത്തന രഹിതമായത്. തുടര്‍ന്ന് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് സേവനദാതക്കള്‍ തന്നെ സ്ഥിരീകരിച്ചു.ഏഴ് മണിക്കൂറിന് ശേഷം പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതിസന്ധി പൂര്‍ണമായും പരിഹരിച്ചത്.

ഫേസ്ബുക്ക് കമ്പനിയുടെ ആഭ്യന്തര പ്രശ്നങ്ങളാണ് തടസം നേരിടാന്‍ കാരണമായതെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തടസത്തിന്റെ യഥാര്‍ഥ കാരണം ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

Other News