ഫോക്‌സ് കോണ്‍ കര്‍ണാടകയില്‍ ഐ ഫോണുകളുടെ നിര്‍മാണം ആരംഭിക്കും


JUNE 2, 2023, 11:00 AM IST

ബെംഗളുരു: ലോകത്തിലെ ഏറ്റവും വലിയ കരാര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍ കര്‍ണാടകയില്‍ 2024 ഏപ്രിലോടെ ആപ്പിള്‍ ഐഫോണുകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഫാക്ടറിക്കുള്ള ഭൂമി ജൂലൈ ഒന്നിന് ഫോക്സ്‌കോണിന് കൈമാറും. 13,000 കോടിയോളം മുടക്കുന്ന പദ്ധതി ഏകദേശം 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

 കര്‍ണാടക തലസ്ഥാനവും ടെക് ഹബ്ബുമായ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ദേവനഹള്ളിയിലെ പ്ലാന്റില്‍ പ്രതിവര്‍ഷം 20 ദശലക്ഷം ഐഫോണുകള്‍ നിര്‍മ്മിക്കാനാണ്  ഫോക്സ്‌കോണ്‍ ലക്ഷ്യമിടുന്നത്.

കോവിഡുമായി ബന്ധപ്പെട്ട കര്‍ശന നിയന്ത്രണങ്ങളും മറ്റും പുതിയ ഐഫോണുകളുടെയും ഉപകരണങ്ങളുടെയും ഉത്പാദനം തടസ്സപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ആപ്പിള്‍ ചൈനയില്‍ നിന്ന് ഉത്പാദന കേന്ദ്രങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചത്. അമേരിക്കയും ചൈനയും തമ്മിലുള്ള രാഷ്ട്രീയപരമായ പ്രശ്‌നങ്ങള്‍ തങ്ങളുടെ ബിസിനസിനെ ബാധിക്കുന്നത് ഒഴിവാക്കാന്‍ കൂടിയാണ് ടെക് ഭീമന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഉത്പാദനം മാറ്റുന്നത്.

അതേസമയം, ഐഫോണ്‍ നിര്‍മാണത്തിന് പിന്നാലെ ഇന്ത്യയില്‍ വയര്‍ലെസ് ഇയര്‍ഫോണായ എയര്‍പോഡുകളും നിര്‍മിക്കാന്‍ ആപ്പിള്‍ ഒരുങ്ങുകയാണ്. എയര്‍പോഡുകള്‍ നിര്‍മ്മിക്കാന്‍ ആപ്പിളില്‍ നിന്ന് ഓര്‍ഡര്‍ പിടിച്ച ഫോക്സ്‌കോണ്‍ 20 കോടി യുഎസ് ഡോളര്‍ മുടക്കി തെലങ്കാനയില്‍ ഫാക്ടറി നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായി മുമ്പ് റിപ്പോര്‍ട്ട് വന്നിരുന്നു. ഫോക്സ്‌കോണ്‍ ആദ്യമായാണ് എയര്‍പോഡുകള്‍ നിര്‍മ്മിക്കുന്നത്.

Other News