വീണ്ടും വിവാദം : എ.സി.സി., അംബുജ സിമന്റ്സ് എന്നിവയുടെ ഉടമ അദാനി ഗ്രൂപ്പോ ഗൗതം അദാനിയോ അല്ലെന്ന് റിപ്പോര്‍ട്ട്


MARCH 14, 2023, 2:58 PM IST

ന്യൂഡല്‍ഹി : ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിടുന്ന അദാനി ഗ്രൂപ്പിനെ കൂടുതല്‍ വലച്ച് പുതിയ വിവാദം. സ്വിസ് കമ്പനിയായ ഹോള്‍സിമില്‍ നിന്ന് റെക്കോര്‍ഡ് 1050 കോടി ഡോളറിന് (ഏകദേശം 86,500 കോടി രൂപ) ഏറ്റെടുത്ത സിമന്റ് കമ്പനികളായ എ.സി.സി., അംബുജ സിമന്റ്സ് എന്നിവയുടെ ഉടമ അദാനി ഗ്രൂപ്പോ ഗൗതം അദാനിയോ അല്ലെന്ന് റിപ്പോര്‍ട്ടാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയാണ് ഇരു സിമന്റ് കമ്പനികളുടെയും ഉടമയെന്ന് 'മോണിംഗ് കോണ്ടസ്റ്റ്' ആണ് റിപ്പോര്‍ട്ട് ചെയ്തത്.

വിനോദ് അദാനി വിദേശത്ത് കടലാസ് (ഷെല്‍) കമ്പനികള്‍ സ്ഥാപിച്ച് അദാനി ഗ്രൂപ്പിന് വേണ്ടി പണംതിരിമറി ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടത്തുന്നതായി അമേരിക്കന്‍ നിക്ഷേപ ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണമുന്നയിച്ചത് ഒരുമാസം മുമ്പാണ്.

കഴിഞ്ഞ സെപ്തംബറിലാണ് എ.സി.സി., അംബുജ സിമന്റ്സ് ഓഹരികള്‍ ഏറ്റെടുത്തെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. എന്‍ഡവര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി (സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍/എസ്.പി.വി) രൂപീകരിച്ചായിരുന്നു ഇത് സംബന്ധിച്ച ഇടപാടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, 'മോണിംഗ് കോണ്ടസ്റ്റ്' റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് ഈ എസ്.പി.വി വിനോദ് അദാനിയുടെ കീഴില്‍ മൗറീഷ്യസില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നാണ്.

ഫോര്‍ബ്‌സ് പറയുന്നതനുസരിച്ച്, ജനുവരി 24 ലെ റിപ്പോര്‍ട്ടില്‍ വിനോദ് അദാനിയെ ഹിന്‍ഡന്‍ബര്‍ഗ് കുറഞ്ഞത് 151 തവണ പരാമര്‍ശിച്ചിരുന്നു, അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കലിനും ഓഹരി വില കൃത്രിമത്വത്തിനുമുള്ള ഒരു വഴിയായി ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട് ആരോപിച്ചു.

വിനോദ് അദാനിയുടെ നിയന്ത്രണത്തില്‍ 38 കടലാസ് (ഷെല്‍) കമ്പനികള്‍ മൗറീഷ്യസിലുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ സെബി അന്വേഷണം പുരോഗമിക്കവേയാണ് സിമന്റ് ഇടപാട് സംബന്ധിച്ച പുതിയ വിവാദം. ഇത് അദാനി ഗ്രൂപ്പിനും ഗൗതം അദാനിക്കും മേല്‍ അന്വേഷണക്കുരുക്കുകള്‍ മുറുകാന്‍ ഇടവരുത്തിയേക്കും. അദാനി ഗ്രൂപ്പിന് വേണ്ടി വിദേശ ഇടപാടുകള്‍ നടത്തുന്നത് വിനോദ് അദാനിയാണെന്ന് നേരത്തേ 'ഫോബ്സും' ആരോപിച്ചിരുന്നു.

Other News