പൊന്ന് പൊള്ളുന്നു: സ്വർണത്തിന് ചരിത്രത്തിലെ ഉയർന്ന നിരക്ക്, പവന് 26,120 രൂപ


JULY 19, 2019, 8:44 PM IST

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിച്ചുയർന്നു.സർവ്വകാല റെക്കോർഡിലാണ് വ്യാപാരം. ഒറ്റ ദിവസം കൊണ്ട് പവനു(22 ക്യാരറ്റ്)  200 രൂപ കൂടി പവന് 26,120 രൂപയായി. ഗ്രാമിനു വില 3265 രൂപ. വ്യാഴാഴ്‌ച രേഖപ്പെടുത്തിയ 25,920 രൂപയായിരുന്നു ഇതിന് മുൻപത്തെ റെക്കോർഡ്.

ആഗോളവിപണയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചതെന്നു വിലയിരുത്തപ്പെടുന്നു. ആഗോളവിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1443 ഡോളറാണ് നിലവിൽനിരക്ക്.ഒരു ദിവസം കൊണ്ടുണ്ടായ വർധന 20 ഡോളർ.

സ്വർണവില വർധനയ്ക്ക് പല കാരണങ്ങളാണ് ബിസിനസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചനകൾ നിരക്കിനെ സ്വാധീനിച്ചു. ചൈനയുമായുള്ള വ്യാപാരയുദ്ധം അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറൽ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. 

കേന്ദ്രബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ഉയർത്തിയതും ആഭ്യന്തര സ്വർണവില കൂടാൻ കാരണമായിട്ടുണ്ട്.സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാണാക്കിയത്. നേരത്തെ 10 ശതമാനമായിരുന്നു ഇറക്കുമതി തീരുവ. 

ഡൽഹിയിൽ സ്വർണം പവന് (22 ക്യാരറ്റ്) 27,248 രൂപയിലും 24 ക്യാരറ്റിന് 28,208 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും ഇനിയും സ്വര്‍ണവില കൂടാനിടയാക്കിയേക്കും.

Other News