സ്വർണത്തിന് തീവില; പവന് ₹28,000


AUGUST 16, 2019, 9:27 PM IST

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവില റെക്കോർഡ് തകര്‍ത്ത് കുതിക്കുന്നു.പവന് 28,000 രൂപയിലും ഗ്രാമിന് 3,500 രൂപയിലുമായിരുന്നു വ്യാപാരം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

പണിക്കൂലിയും (കുറഞ്ഞത് അഞ്ചു മുതൽ എട്ടുവരെ ശതമാനം) മൂന്നു ശതമാനം ജി എസ് ടിയും കാല്‍ ശതമാനം പ്രളയസെസും ചേരുമ്പോൾ ഒരു പവന്‍ ആഭരണം വാങ്ങാന്‍ കുറഞ്ഞത് 31,000 രൂപയെങ്കിലും നല്‍കേണ്ടി വരും.

അന്താരാഷ്‌ട്ര വിപണിയിലെ വിലക്കുതിപ്പും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഇറക്കുമതി ചെലവിലുണ്ടായ വര്‍ധനയുമാണ് പൊന്നിന്‍ വിലയുടെ കുതിപ്പിന് കാരണം. കഴിഞ്ഞമാസം ഔണ്‍സിന് 1,400 ഡോളര്‍ നിലവാരത്തിലായിരുന്ന സ്വര്‍ണവില ഇന്നലെ 1,513 ഡോളറിലെത്തി. ഡോളറിനെതിരെ 71.15 എന്ന നിലയിലാണ് രൂപ.

ഈമാസം മാത്രം ഇതുവരെ സ്വർണത്തിന് പവന്‍ വിലയിലുണ്ടായ വര്‍ധന 2,320 രൂപയാണ്. ഗ്രാമിന് കൂടിയത് 290 രൂപ.

Other News