റോഷ്നി നാടാര്‍ മല്‍ഹോത്ര ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത


JULY 28, 2022, 8:55 AM IST

മുംബൈ: 84,330 കോടി രൂപയുടെ ആസ്തിയുമായി റോഷ്നി നാടാര്‍ മല്‍ഹോത്ര ഇന്ത്യയിലെ ധനികരായ വനിതകളുടെ പട്ടികയില്‍ ഒന്നാമത്. എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്‍പേഴ്സണ്‍ ആണ് റോഷ്നി നാടാര്‍ മല്‍ഹോത്ര. നൈക സ്ഥാപക ഫാല്‍ഗുനി നയ്യാരാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

സ്വയം പര്യാപ്തരായ വനിതകളില്‍ ഏറ്റവും സമ്പന്നയും ഫാല്‍ഗുനി നയ്യാരാണ്. 57,520 കോടി രൂപയാണ് ഫാല്‍ഗുനിയുടെ ആസ്തി. 29,030 കോടി രൂപയുടെ ആസ്തിയോടെ ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായാണ് പട്ടികയില്‍ മൂന്നാമത്.

100 സമ്പന്നരായ സ്ത്രീകളുടെ പട്ടികയില്‍ ഇടം പിടിച്ചവരില്‍ ഏറെയും ഡല്‍ഹി സ്വദേശിനികളാണ്. 25 പേരാണ് ഡല്‍ഹിയില്‍ നിന്നുള്ളത്. പട്ടികയിലെ 21 പേര്‍ മുംബൈയില്‍ നിന്നും 12 പേര്‍ ഹൈദരാബാദില്‍ നിന്നുമാണ്.

ഭോപ്പാല്‍ ആസ്ഥാനമായുള്ള ജെറ്റ്‌സെറ്റ്‌ഗോയിലെ കനിക തെക്രിവാള്‍ ആണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത. രാജ്യത്തിന്റെ ജിഡിപിയുടെ 2 ശതമാനം സംഭാവന ചെയ്യുന്നത് പട്ടികയിലെ വനിതകളാണ്. പട്ടികയില്‍ ഇടം നേടിയ 100 വനിതകളുടെ സഞ്ചിത വരുമാനം 2020 ല്‍ 2.72 ലക്ഷം കോടി ആയിരുന്നു.

2021 ആയപ്പോഴേക്ക് 53 ശതമാനം വര്‍ധിച്ച് സഞ്ജിത വരുമാനം 4.16 ലക്ഷം കോടി രൂപയായി. രാജ്യത്തെ ധനികരായ 100 വനിതകളെ തെരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാന സമ്പത്ത് മുന്‍ വര്‍ഷം 100 കോടി ആയിരുന്നു. എന്നാല്‍ ഇത്തവണ അത് 300 കോടിയായി ഉയര്‍ത്തി.

Other News