ബൈജൂസിന്റെ ലാഭം കുത്തനെ ഇടിഞ്ഞു ; 2020-21ല്‍ 4588 കോടിയുടെ നഷ്ടം


SEPTEMBER 16, 2022, 8:47 AM IST

ന്യൂഡല്‍ഹി: എഡ്യുടെക് ഭീമനായ ബൈജൂസിന്റെ ലാഭം കുത്തനെ ഇടിഞ്ഞു. 2021 സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിദിനം 12.5 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിടുന്നത്. കമ്പനിയുടെ വരുമാനവും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 2,704 കോടി രൂപയില്‍ നിന്ന് 2,428 കോടി രൂപയായി കുറഞ്ഞു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ലാഭമുണ്ടാകാത്തത് ബൈജൂസിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. കോവിഡ് കാരണം ഈ കാലയളവില്‍ സ്‌കൂളുകള്‍ അടച്ചിരുന്നു. എല്ലാവരും ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിഞ്ഞ സമയത്ത് പോലും നേട്ടമുണ്ടാക്കാന്‍ കഴിയാത്തതാണ് ബൈജൂസിന് തിരിച്ചടിയാകുന്നത്.

ഓഡിറ്റര്‍ ഡിലോയിറ്റുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വൈകിയാണ് ബൈജൂസിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ പുറത്തുവന്നത്. ബൈജൂസിന്റെ ലാഭം കണക്കാക്കുന്നതില്‍ ചില പ്രശ്‌നങ്ങള്‍ ഡിലോയിറ്റ് ചൂണ്ടിക്കാണിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് സാമ്പത്തിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാക്കി.

2022 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 10,000 കോടി രൂപയിലെത്തിയതായാണ് ബൈജൂസ് പറയുന്നത്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ നേടിയ ലാഭമോ നഷ്ടമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

താന്‍ കഴിഞ്ഞ ആറുമാസമായി ഉറങ്ങിയിട്ടില്ലെന്നാണ് ബൈജൂസ് സ്ഥാപകനായ ബൈജു രവീന്ദ്രന്‍ ഇക്കഴിഞ്ഞ ദിവസം പറഞ്ഞത്. കമ്പനിയുടെ കണക്കുകളുടെ താന്‍ മല്ലടിക്കുകയായിരുന്നുവെന്നാണ് ബൈജു രവീന്ദ്രന്‍ പറഞ്ഞത്.

കമ്പനിക്ക് താങ്ങാവുന്നതിലേറെ കടഭാരം നിരന്തരമായ ഏറ്റെടുക്കലുകളിലൂടെ ബൈജൂസ് വരുത്തിയിട്ടുണ്ടെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്

Other News