റീട്ടെയില്‍ നാണയപ്പെരുപ്പനിരക്ക് അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍


JANUARY 14, 2020, 5:50 PM IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ നാണയപെരുപ്പം ഡിസംബറില്‍ 7.35 ശതമാനത്തിലെത്തി. അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ നിരക്കാണ് ഇത്.ഭക്ഷ്യസാമഗ്രികളുടെ വിലവര്‍ധനയാണ് നാണ്യപെരുപ്പമുയര്‍ത്തിയത്. അതേസമയം ഭക്ഷ്യ,ഊര്‍ജ ഇതര നാണ്യപെരുപ്പത്തില്‍ ചെറിയ വര്‍ധനമാത്രമാണുണ്ടായത്. 3.7 ശതമാനമാണ് ഈ ഗണത്തിലുള്ള നാണയപെരുപ്പം. നവംബറിലുണ്ടായതിനേക്കാള്‍ വളരെ കുറവാണിത്. 2018 ഡിസംബറില്‍ വെറും 2.65 ശതമാനം മാത്രം ഉയര്‍ന്ന ഭക്ഷ്യവില കഴിഞ്ഞമാസം 14.12 ശതമാനമാണ് കൂടിയത്. നവംബറില്‍ ഇത് 10.01 ശതമാനമായിരുന്നു.

ഉപഭോക്തൃഭക്ഷ്യവില സൂചിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടാര്‍ഗറ്റും കടന്ന് കുതിച്ചു.നവംബറില്‍ രേഖപ്പെടുത്തിയ നാണയപ്പെരുപ്പം 5.54 ശതമാനം മാത്രമായിരുന്നു. ഒക്ടോബറില്‍ ഇത് 4.62 ശതമാനമായിരുന്നു. ഉള്ളിവിലയിലുണ്ടായ വര്‍ധനയാണ് ഭക്ഷ്യവിലവര്‍ധനയില്‍ പ്രതിഫലിച്ചത്.

റീട്ടെയില്‍ പണപ്പെരുപ്പനിരക്ക് അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതിനെ തുടര്‍ന്ന് ഓഹരിവിപണിയില്‍ തിരിച്ചടി നേരിട്ടു. ബാങ്കിങ് ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 0.5ശതമാനം നഷ്ടത്തിലായി.യെസ് ബാങ്ക്, യുപിഎല്‍, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

വേദാന്ത, ടാറ്റ സ്റ്റീല്‍, ഗെയില്‍, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.