ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 12.5 ശതമാനമായി ഉയരുമെന്ന് ഐ എം എഫ്


APRIL 6, 2021, 8:53 PM IST

ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 12.5 ശതമാനമായി ഉയരുമെന്ന് ഐ എം എഫ്. കോവിഡ് പ്രതിസന്ധിയിലും സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൈവരിച്ച ചൈനയേക്കാള്‍ ശക്തമാണ് ഇന്ത്യയുടേതെന്നാണ് വിലയിരുത്തല്‍. 

വാഷിംഗ്ടണ്‍ ആസ്ഥാനമായ ആഗോള ധനകാര്യ സ്ഥാപനം ലോകബാങ്കുമായുള്ള യോഗത്തിന് മുന്നോടിയായി വാര്‍ഷിക ലോക സാമ്പത്തിക വിലയിലുത്തലില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2022ല്‍ 6.9 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിച്ചിരുന്നു. 

2020ല്‍ സമ്പദ് വ്യവസ്ഥ എട്ട് ശതമാനത്തിലേക്ക് താഴ്ന്നതിന് ശേഷമാണ് 2021ല്‍ 12.5 ശതമാനത്തിലേക്ക് ഉയരുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. 2020ല്‍ 2.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ച ഒരേയൊരു പ്രധാന സമ്പദ് വ്യവസ്ഥയായ ചൈന 2021ല്‍ 8.6 ശതമാനവും 2022ല്‍ 5.6 ശതമാനവും വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ആഗോള സമ്പദ് വ്യവസ്ഥയില്‍ 2021ലും 2022ലും ശക്തമായ വീണ്ടെടുക്കലാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ എം എഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് പറഞ്ഞു. 2021ല്‍ ആറു ശതമാനവും 2022ല്‍ 4.4 ശതമാനവുമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

2020ല്‍ ആഗോള സമ്പദ് വ്യവസ്ഥ 3.3 ശതമാനമാണ് ചുരുങങിയത്. ഇത്രയും താഴ്ച രേഖപ്പെടുത്തിയതിന് ശേഷം ആഗോള സമ്പദ് വ്യവസ്ഥ 2021ല്‍ ആറ് ശതമാനമായി വളരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2022ല്‍ 4.4 ശതമാനമായി കുറയും.

Other News