ഒരു ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം തേടി ജിയോ- കെ.കെ.ആര്‍ ആന്റ് കോ. ചര്‍ച്ച


MAY 21, 2020, 6:09 PM IST

മുംബൈ:  750 മില്യണ്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കുന്നതിന് റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുകള്‍ അമേരിക്കന്‍ ആഗോള നിക്ഷേപക സ്ഥാപനമായ കെകെആര്‍ ആന്റ് കോയുമായി സജീവ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്. കരാര്‍ വരും ആഴ്ചകളില്‍ പൂര്‍ത്തിയാകുമെന്ന് അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ടെല്‍കോ റിലയന്‍സ് ജിയോ കഴിഞ്ഞ ഏതാനും ആഴ്ചകളായി വന്‍ നിക്ഷേപകരില്‍ നിന്ന് അതിവേഗം ധനസമാഹരണം നടത്തിവരികയാണ്.

ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലാണ് കടം കുറയ്ക്കാനും മൂലധന ആവശ്യങ്ങള്‍ സുരക്ഷിതമാക്കാനുമുള്ള ആര്‍ഐഎല്ലിന്റെ ശ്രമം. കോട്ടിയില്‍ 750 മില്യണ്‍ ഡോളര്‍ നിക്ഷേപവും എസ്പി ഗ്രൂപ്പിന്റെ സൗരോര്‍ജ്ജ ആസ്തിയില്‍ 204 മില്യണ്‍ ഡോളറും കെകെആറിന്റെ സമീപകാല ഇടപാടുകളില്‍ ഉള്‍പ്പെടുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ടെലികോം വിഭാഗവും സൗദി പരമാധികാര ഫണ്ട് പിഐഎഫുമായുള്ള കരാര്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ജിയോയില്‍ 850 മില്യണ്‍ മുതല്‍ 950 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം നടത്താന്‍ പിഐഎഫ് ചര്‍ച്ച ചെയ്തിരുന്നതായി കഴിഞ്ഞയിടെ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2021 മാര്‍ച്ചോടെ റിലയന്‍സിന്റെ 21.4 ബില്യണ്‍ ഡോളറിന്റെ മൊത്തംകടം പൂജ്യമായി കുറയ്ക്കുമെന്ന് മുകേഷ് അംബാനി പ്രതിജ്ഞയെടുത്തിരുന്നു. കഴിഞ്ഞയാഴ്ച  ജനറല്‍ അറ്റ്‌ലാന്റിക് 870 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തിയതായി റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ സില്‍വര്‍ ലേക്ക്, വിസ്ത ഇക്വിറ്റി പാര്‍ട്ണര്‍മാരുമായി യഥാക്രമം 747 ദശലക്ഷം ഡോളര്‍, 1.5 ബില്യണ്‍ ഡോളറിന്റെയും കരാര്‍ ജിയോ പ്രഖ്യാപിച്ചിരുന്നു.

സോഷ്യല്‍ മീഡിയ കമ്പനിയായ ഫെയ്സ്ബുക്കുമായി 5.7 ബില്യണ്‍ ഡോളറിന്റെ കരാറിലും ഒപ്പുവെച്ചിരുന്നു. അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) 53,125 കോടി രൂപയുടെ  അവകാശ ഓഹരി വിതരണം മെയ് 20 ന് ആരംഭിച്ചു. ഇത് ജൂണ്‍ 3 ന് അവസാനിക്കും. മൂന്നുപതിറ്റാണ്ടിനിടയില്‍ ഇന്ത്യയിലെ ഏറ്റവും വലിയതും ആദ്യത്തെതുമായ ഓഹരി വിതരണമാണിത്. 1,257 രൂപ മൂല്യമുളള ഓരോ 15 ഓഹരിക്കും  ഒരു ഓഹരി വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. ഏറ്റവുമൊടുവില്‍ 1991 ലാണ്  മാറ്റിയെടുക്കാവുന്ന കടപ്പത്രങ്ങളിലൂടെ ആര്‍ഐഎല്‍ അവസാനമായി പൊതുജനങ്ങളില്‍നിന്ന് ഓഹരി പിരിച്ചത്. കമ്പനിക്കായി ഫണ്ട് സ്വരൂപിക്കുന്നതിനും ഓഹരി അവകാശ വിതരണം ലക്ഷ്യമിടുന്നു

Other News