ലണ്ടനിലെ സ്‌ക്കോട്ട്‌ലാന്റ് യാര്‍ഡ് പോലീസ് ആസ്ഥാനം ഫൈവ് സ്റ്റാര്‍ ഹോട്ടലാക്കി മാറ്റി എം.എ യൂസഫലി!


DECEMBER 7, 2019, 7:14 PM IST

ലണ്ടന്‍: ഭയത്തോടെ വീക്ഷിച്ച ഒരു കെട്ടിടത്തില്‍ ഒന്ന് തങ്ങാന്‍ ആഗ്രഹിക്കുകയാണ് ഇന്ന് ബ്രിട്ടീഷ് ജനത. അതിന് കാരണക്കാരനായിരിക്കുന്നതോ ഒരു മലയാളിയും!സ്‌ക്കോട്ട്‌ലാന്റ് യാര്‍ഡ് പോലീസ് ആസ്ഥാനം ഫൈവ് സ്റ്റാര്‍ ഹോട്ടലാക്കി മാറ്റിയിരിക്കുന്നത് മറ്റാരുമല്ല ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രവാസിവ്യവസായിയുമായ എം.എ യൂസഫലിയാണ്. 2806 കോടി രൂപയ്ക്കാണ് ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി ഡിവിഷനായ ട്വന്റി 14 ഹോള്‍ഡിംഗ്‌സ് കെട്ടിടം വാങ്ങിയത്. 

തങ്ങളുടെ ഒരു സ്വപ്‌നം പൂവണിഞ്ഞുവെന്ന് പ്രതികരിച്ച ട്വന്റി14 ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അബീബ് അഹമ്മദ് ഒരുപാട് കഥകള്‍ പറയാനുള്ള കെട്ടിടമാണ് തങ്ങള്‍ വാങ്ങിയിരിക്കുന്നതെന്നും ലണ്ടന്റെ പ്രസരിപ്പുമുഴുവന്‍ പ്രതിഫലിക്കുന്നതാണ് തങ്ങളുടെ പുതിയ ഹോട്ടലെന്നും അവകാശപ്പെട്ടു. ഡിസംബര്‍ 5 ന് യുകെ ഡിജിറ്റല്‍ കള്‍ച്ചറല്‍ മീഡിയ ആന്റ് സ്‌പോര്‍ട്‌സ് സെക്രട്ടറി നിക്കി മോര്‍ഗന്‍ ഹോട്ടല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ലണ്ടന്‍ നഗരത്തിന്റെ ഹൃദയത്തിലുള്ള ഈ കെട്ടിടം ടൂറിസത്തിന് തീര്‍ത്തും അനുയോജ്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഉപദേശകന്‍ സര്‍ എഡ്വാര്‍ഡ് ലിസ്റ്റര്‍ പറഞ്ഞു. ബ്രിട്ടനിലെ ഇന്ത്യന്‍ അംബാസിഡര്‍ രുചി ഗനശ്യാമും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ദ ഗ്രേറ്റ് സ്‌ക്കോട്ട്‌ലാന്റ് യാര്‍ഡ് ഹോട്ടല്‍ എന്ന് പേരട്ടിരിക്കുന്ന ഇവിടെ ഒരു ദിവസം താമസിക്കുന്നതിന് 40,000 ഇന്ത്യന്‍ രൂപ ചെലവ് വരും. ഒരു നേരത്തെ ഉച്ചഭക്ഷണത്തിന് കൊടുക്കേണ്ടത് 100 പൗണ്ടാണ്.(10,000 രുപ).ലണ്ടനിലെ ട്രഫാല്‍ഗര്‍ സ്‌ക്വയറിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.