ജി എസ് ടി മാത്രമല്ല കാരണം;വാഹന വിപണിയിലെ  തകര്‍ച്ചയെ കുറിച്ച് മാരുതി ചെയര്‍മാന്‍


SEPTEMBER 10, 2019, 9:54 PM IST

ന്യൂഡല്‍ഹി:ഇന്ത്യൻ വാഹന വിപണിയുടെ തകര്‍ച്ചയെകുറിച്ച്‌ പ്രതികരിച്ച്‌ മാരുതി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ.ബാങ്കിംഗ് മേഖലയിലെ പുതിയ തീരുമാനങ്ങളും പുതിയ കാറുകളില്‍ എയര്‍ ബാഗുകള്‍, എബിഎസ് എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകള്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശവും ഇരുചക്ര വാഹന യാത്രികരെ കാറുകള്‍ വാങ്ങുന്നതില്‍ നിന്നു പിന്തിരിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍ട്രി ലെവല്‍ ഫോര്‍ വീലറുകള്‍ വാങ്ങാനും കൊണ്ടുനടക്കാനും സാധാരണക്കാര്‍ക്ക് കഴിയില്ലെന്നും അവര്‍ക്ക് താങ്ങാവുന്നതിനേക്കാള്‍ അപ്പുറമുള്ള അധികചിലവുകള്‍ ഇപ്പോള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. വാഹന വില്‍പ്പന ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിനില്‍ക്കുന്ന ഈ അവസ്ഥയില്‍ തന്നെ പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉയര്‍ന്ന നികുതിയും റോഡ്, രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ എന്നിവ പുതുക്കിയതും കാര്‍ വാങ്ങുന്നവരുടെ ഭാരം ഇരട്ടിപ്പിച്ചു.ജി.എസ്.ടിയില്‍ നടത്തിയ താല്‍ക്കാലിക വെട്ടിക്കുറച്ചില്‍ വലിയ വ്യത്യാസമുണ്ടാക്കില്ല. ജി.എസ്.ടിയില്‍ വരുത്തിയ ചെറിയ ഇളവുകളെക്കൊണ്ട് പ്രയോജനമില്ല. അതുകൊണ്ട് തന്നെ അത് ഗുണകരമായ ഒരു കാര്യമായി പരിഗണിക്കാന്‍ കഴിയില്ല. വാഹനങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്നു ഭാര്‍ഗവ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

'ഇരുചക്ര വാഹനം ഓടിക്കുന്നയാള്‍ ഒരു കാര്‍ വാങ്ങണമെന്ന് ആഗ്രഹിക്കുകയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അവരുടെ സാമ്പത്തിക ശേഷി കണക്കിലെടുത്ത് അത് ചെയ്യാന്‍ കഴിയില്ല'- സാധാരണക്കാരുടെ വാഹനമെന്ന് അറിയപ്പെടുന്ന മാരുതിയുടെ തന്നെ ചെറിയ മോഡലായ ആള്‍ട്ടോയുടെ വില്‍പ്പന 50% ഇടിവ് നേരിട്ട കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട്  അദ്ദേഹം പറഞ്ഞു.വാഹനമേഖലയിലെ ഇപ്പോഴത്തെ മാന്ദ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് രണ്ട് ദശകത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന വില്‍പ്പനയാണ് ഇപ്പോള്‍ വാഹനമേഖലയില്‍ ഉണ്ടായിരിക്കുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് ഒല, ഊബര്‍ തുടങ്ങിയ മൊബിലിറ്റി വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും ഒരു പരിധി വരെ കാരണമാണെന്നും ഘടനാപരമായ ഇത്തരം മാറ്റങ്ങള്‍ വാഹന മേഖലയെ ബാധിച്ചിട്ടുണ്ടെന്നും  അദ്ദേഹം വിശദീകരിച്ചു.

കര്‍ശനമായ സുരക്ഷയും എമിഷന്‍ മാനദണ്ഡങ്ങളും, ഇന്‍ഷുറന്‍സ് ചെലവുകളും, ഒന്‍പതോളം സംസ്ഥാനങ്ങളിലെ അധിക റോഡ് നികുതിയും വിപണി തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.ഏറ്റവും വലിയ പ്രശ്‌നം ബാങ്കിംഗ് മേഖലയില്‍ നിന്നുള്ള വിമുഖതയാണ്, വായ്‌പയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ചെറിയ റിസ്‌ക് എടുക്കാന്‍ പോലും തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വികസിത രാജ്യങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അധിക സുരക്ഷാ മാനദണ്ഡങ്ങള്‍ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പാലിക്കണമെന്നതിൽ  പ്രായോഗികമായി യുക്തിയില്ലെന്നും ഭാര്‍ഗവ പറഞ്ഞു.

Other News