കൊറോണ: ഉല്‍പാദനത്തില്‍ പേരുകേട്ട കാര്‍ ഫാക്ടറിയും നിശബ്ദം


FEBRUARY 8, 2020, 9:47 AM IST

സീയോള്‍: കൊറോണ ഭീതിയില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദനം നടക്കുന്ന കാര്‍ ഫാക്ടറിയും നിശബ്ദമായി. ദക്ഷിണ കൊറിയയിലെ ഹ്യൂണ്ടായിയാണ് തങ്ങളുടെ ഉല്‍സന്‍ കോംപ്ലക്‌സിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്. കൊറോണ വൈറസ് സാരമായി ബാധിച്ച ചൈനയില്‍നിന്ന് ആവശ്യമായ നിര്‍മാണ വസ്തുക്കള്‍ എത്താത്തതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഹ്യൂണ്ടായിയെ നിര്‍ബന്ധരാക്കിയത്. പ്രതിവര്‍ഷം 1.4 മില്യണ്‍ വാഹനമാണ് അഞ്ചു പ്ലാന്റുകള്‍ ചേരുന്ന ഇവിടെനിന്നും നിര്‍മിക്കുന്നത്. നിര്‍മാണ സാമഗ്രികള്‍ ഇറക്കുമതി ചെയ്തുകൊണ്ട് ആഗോളതലത്തില്‍ കാര്‍ കയറ്റുമതി ചെയ്യുന്നവരില്‍ ഒന്നാം സ്ഥാനത്തായിരുന്നു ദക്ഷിണ കൊറിയയിലെ ഹ്യൂണ്ടായി പ്ലാന്റുകള്‍. 

പുതുവര്‍ഷ പ്രതീക്ഷകളോടെ കാത്തിരുന്നവര്‍ക്കു നടുവിലേക്കാണ് കൊറോണ വൈറസ് വെല്ലുവിളിയായി പടര്‍ന്നുകയറിയത്. വൈറസ് വ്യാപനം രൂക്ഷമായതോടെ ചൈനയില്‍ പല വ്യവസായ സ്ഥാപനങ്ങളും നിര്‍മാണ ഫാക്ടറികളും അടച്ചിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ അവയൊന്നും ഇനി തുറക്കുകയുമില്ല. അതുവരെ കാര്യമായ നിര്‍മാണങ്ങളൊന്നുമില്ലാതെ ഫാക്ടറി തുറന്നിടുന്നത് ഹ്യൂണ്ടായിക്കു നല്‍കുന്ന നഷ്ടം വളരെയേറെയാണ്. തുടര്‍ന്നാണ് ദക്ഷിണ കൊറിയയിലുള്ള ഫാക്ടറികള്‍ എല്ലാം അടച്ചിടാന്‍ തീരുമാനിച്ചത്. ഇതോടെ 25,000 ജോലിക്കാര്‍ വീട്ടിലിരിക്കേണ്ടിവരും. ഇവര്‍ക്കെല്ലാം പകുതി ശമ്പളം നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അഞ്ചു ദിവസം ഫാക്ടറികള്‍ അടച്ചിട്ടാല്‍ 500 മില്യണ്‍ ഡോളറെങ്കിലും കമ്പനിക്കും ലാഭിക്കാം. 

അസംസ്‌കൃത വസ്തുക്കളും വിവിധ മെഷീന്‍ ഭാഗങ്ങളും ഉള്‍പ്പെടെ നിര്‍മാണ സാമഗ്രികള്‍ക്കു ദക്ഷിണ കൊറിയ പ്രധാനമായും ചൈനയെയാണ് ആശ്രയിക്കുന്നത്. ഏതെങ്കിലും ഒരു നെട്ടോ ബോള്‍ട്ടോ കിട്ടിയില്ലെങ്കിലും പോലും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രതിസന്ധികള്‍ക്കു നടുവില്‍ ഹ്യൂണ്ടായി മാത്രമല്ല ഉഴലുന്നത്. മറ്റു വാഹന കമ്പനികളും ഹ്യൂണ്ടായിയുടെ വഴിയിലാണ് ചിന്തിക്കുന്നത്. കിയ തിങ്കളാഴ്ച മുന്നു പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും. ബുസാനിലെ ഫാക്ടറി അടുത്തയാഴ്ചയോടെ നിര്‍ത്തിവെക്കാനും ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയുടെ ദക്ഷിണ കൊറിയന്‍ പങ്കാളികള്‍ ആലോചിക്കുന്നുണ്ട്. തങ്ങളുടെ യൂറോപ്യന്‍ ഫാക്ടറികളിലൊന്ന് താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചതായി ഫിയറ്റ് ക്രിസ്‌ലെര്‍ സി.ഇ.ഒ മൈക്ക് മാന്‍ലെ പറഞ്ഞു. ചൈനയെ ബാധിച്ചിരിക്കുന്ന കൊറോണ വൈറസ്, ലോകത്തിലെ നിര്‍മാണ മേഖലയെക്കൂടി പതുക്കെ ബാധിച്ചു തുടങ്ങിയിരിക്കുന്നു.