നൂറു ബില്യണ്‍ ഡോളറിനടുത്തെത്തി മുകേഷ് അംബാനിയുടെ ആസ്തി


SEPTEMBER 5, 2021, 10:34 PM IST

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തിയില്‍ 3.7 ബില്യന്‍ ഡോളറിന്റെ വര്‍ധന. അതോടെ ആസ്തി 92.60 ബില്യന്‍ ഡോളറായി. ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സാണ് മുകേഷ് അംബാനിയുടെ ആസ്തി വിവരം പുറത്തുവിട്ടത്. 

വാറന്‍ ബാഫറ്റിന്റെ ആസ്തിയായ 102.6 ബില്യന്‍ ഡോളറില്‍ നിന്ന് ഏകദേശം 10 ബില്യണ്‍ ഡോളറിന്റെ കുറവാണ് മുകേഷ് അംബാനിക്കുള്ളതെന്നാണ് ബ്ലൂംബര്‍ഗ് ഇന്‍ഡക്‌സ് പറയുന്നത്. 

റിലയന്‍സിന്റെ ഓഹരി വില നാല് ശതമാനം ഉയര്‍ന്നതോടെയാണ് മുകേഷ് അംബാനിയുടെ ആസ്തിയിലും വര്‍ധനവുണ്ടായത്. ലോറിയലിന്റെ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സിന് പിറകിലാണ് മുകേഷ് അംബാനിയുടെ ഇപ്പോഴത്തെ സ്ഥാനം. ബ്ലൂംബര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചിക പ്രകാരം ഫ്രാങ്കോയിസിന്റെ ആസ്തി 92.9 ബില്യണ്‍ ഡോളറാണ്. 

വില കുറഞ്ഞ ഹരിത ഹൈഡ്രജന്റെ ഉത്പാദനം ഇരട്ടിയാക്കുമെന്ന മുകേഷ് അംബാനിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 4.15 ശതമാനം ഉയര്‍ന്നത്. അതോടൊപ്പം അംബാനിയുടെ ജിയോ ഇന്ത്യന്‍ ടെലികോം വിപണിയിലെ പ്രധാന ശക്തികളിലൊന്നാണ്. ഭാരതി എയര്‍ടെല്‍ പ്രഖ്യാപിച്ച ഉപയോക്താവിന് ശരാശരി വരുമാനം 200 രൂപയ്ക്ക് ശേഷം ഇന്ത്യന്‍ വിപണികളില്‍ റിലയന്‍സ് ജിയോ 160 മുതല്‍ 170 രൂപ വരെയായി. ഇത് റിലയന്‍സ് ജിയോയുടെ വിപണി മൂല്യങ്ങള്‍ ഉയര്‍ത്താന്‍ ഇടയാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് ഇന്‍ക് ഉള്‍പ്പെടെ നിക്ഷേപകരുടെ പിന്തുണയോടെ ഡിജിറ്റല്‍ ബിസിനസ് വിപുലീകരിച്ചതോടെ ഇന്ത്യന്‍ വിപണികളില്‍ മുകേഷ് അംബാനി പ്രമുഖമായി വളരുകയായിരുന്നു. ഇതോടൊപ്പം ഏകദേശം 25 ബില്യന്‍ ഡോളറില്‍ സൗദി അരാംകോയില്‍ റിലയന്‍സ് പെട്രോകെമിക്കല്‍ ഓഹരി സ്വന്തമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. 

സാമ്പത്തിക രംഗത്തെ പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിപണി കുത്തനെ ഉയരാന്‍ കാരണമായത്. 

ശുദ്ധ ഊര്‍ജ്ജത്തില്‍ ഈ വര്‍ഷം 10 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അംബാനി പ്രഖ്യാപിച്ചിരുന്നു. ഇതും റിലയന്‍സിന് വഴിത്തിരിവായി.

Other News