നെസ്റ്റോ ഗ്രൂപ്പ് 700 കോടി, ടാറ്റാ എലക്‌സി 75 കോടി, ടിസിഎസ് 2000 കോടി നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു


JULY 27, 2022, 9:06 AM IST

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വ്യവസായ മേഖലയില്‍ വന്‍  നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വ്യവസായ വളര്‍ച്ചയുടെ നയമായി 'ഉത്തരവാദിത്ത വ്യവസായം, ഉത്തരവാദിത്ത നിക്ഷേപം' സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറി. ഇതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചു. മീറ്റ് ദ ഇന്‍വസ്റ്റര്‍ പരിപാടിയില്‍ 7,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു

സംസ്ഥാനത്ത് നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ടാറ്റാ എലക്‌സിയുമായി 75 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഒപ്പുവെച്ചു. 10 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്രയടി കെട്ടിടം കൈമാറണം. കാക്കനാട് രണ്ട് ഘട്ടങ്ങളിലായി 1200 കോടി രൂപ നിക്ഷേപമുള്ള 2000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതി ടിസിഎസുമായി ഒപ്പുവെച്ചു. ദുബായ് വേള്‍ഡ് എക്‌സ്‌പോയില്‍ പങ്കെടുത്തതോടെയും നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് വന്നു. കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി ആവശ്യമുള്ള 2220 ഏക്കര്‍ ഭൂമിയുടെ 70 ശതമാനം 10 മാസം കൊണ്ട് ഏറ്റെടുക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതായി ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിയില്‍ മൂന്നരമാസം കൊണ്ട് 42,372 സംരംഭങ്ങള്‍ ആരംഭിച്ചു. നാലു ശതമാനം പലിശയ്ക്കാണ് ഈ പദ്ധതിയിലൂടെ വായ്പ നല്‍കുന്നത്. 3-4 ലക്ഷം തൊഴില്‍ ഇതിലൂടെ ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്. കൊവിഡ് കാരണം പ്രതിസന്ധിയിലായ എംഎസ്എംഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കിയിരുന്നു. സംരംഭകരുടെ പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കണം. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വ്യവസായങ്ങളുമായി ബന്ധപ്പെട്ടുള്ള കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിനും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു. കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, പുത്തന്‍ സംരംഭങ്ങള്‍ കൊണ്ടുവരിക, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക ഇതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Other News