വിദേശരാജ്യങ്ങളിലിരുന്നു യുപിഐ ഇടപാട് നടത്താം


JANUARY 12, 2023, 10:50 AM IST

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത.. ഇനി മുതല്‍ വിദേശരാജ്യങ്ങളിലും യുപിഐ ഇടപാട് നടത്താം. തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് യുപിഐ ഇടപാട് നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്.

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇതിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പത്ത് രാജ്യങ്ങളില്‍ യുപിഐ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ എന്‍ആര്‍ഐകള്‍ക്ക് കഴിയുന്നതാണ്. സിംഗപ്പൂര്‍, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, യുകെ എന്നീ രാജ്യങ്ങളിലാണ് യുപിഐ ഇടപാട് സാധ്യമാകുക.

വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറില്‍ നിന്ന് യുപിഐ ആക്സസ് ചെയ്യാന്‍ ഇന്ത്യയില്‍ നിര്‍ബന്ധമായും ഒരു എന്‍ആര്‍ഐ അഥവാ എന്‍ആര്‍ഒ അക്കൗണ്ട് വേണമെന്നതാണ് നിബന്ധന.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇന്ത്യയില്‍ യുപിഐ ഇടപാടുകളില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2022 ഡിസംബറില്‍ മാത്രം 12 ലക്ഷം രൂപയുടെ യുപിഐ ഇടപാടുകള്‍ രാജ്യത്ത് നടന്നിട്ടുണ്ട്.

Other News