ഓയോ ഒരു വലിയ ഓണ്‍ലൈന്‍ തട്ടിപ്പെന്ന് ഹോട്ടല്‍ ഉടമകള്‍, പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യം


OCTOBER 8, 2019, 4:26 PM IST

ന്യൂഡല്‍ഹി: കുറഞ്ഞകാലം കൊണ്ട് ലോകമെമ്പാടും പടര്‍ന്ന് പന്തലിച്ച, ഓണ്‍ലൈന്‍ ഹോട്ടല്‍ ശൃംഖലയായ -ഓയോയ്‌ക്കെതിരെ ഹോട്ടല്‍ ഉടമകള്‍ രംഗത്ത്.ഓയോ എന്നത് ഒരു വലിയ ഓണ്‍ലൈന്‍ തട്ടിപ്പാണെന്നു ആരോപിക്കുന്ന ഇവര്‍ കമ്പനിയ്‌ക്കെതിരെ അന്വേഷണവും ആവശ്യപ്പെടുന്നു. കരാറിലെത്തുന്ന സന്ദര്‍ഭത്തില്‍ ഓരോ റൂമില്‍ നിന്നുമുള്ള വരുമാനത്തിന്റെ 20 ശതമാനമാണ് കമ്പനി ഹോട്ടല്‍ ഉടമകള്‍ക്ക് വാഗ്ദാനം ചെയ്യുക. എന്നാല്‍ വിവിധ ഫീസുകളായി ഈ ഇരുപത് ശതമാനത്തില്‍ ഓയോ കയ്യിട്ടുവാരുകയാണ്. അതേസമയം കരാര്‍ സമയത്ത് ഫീസുകളെക്കുറിച്ച് കമ്പനി സൂചിപ്പിക്കാറുമില്ല.  ഹോട്ടല്‍ ഉടമകള്‍ ആരോപിക്കുന്നു. 

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ബെഗളൂരുവിലെ ഒരുവിഭാഗം ഹോട്ടല്‍ ഉടമകളാണ് 25 കാരനായ സിഇഒ റിതേഷ് അഗര്‍വാളിനെതിരെ വഞ്ചനാ കുറ്റം ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.  ആരോപണങ്ങളെല്ലാം നിഷേധിച്ച ഓയോ തങ്ങള്‍ സുതാര്യമായും സത്യസന്ധമായും പ്രവര്‍ത്തിക്കുന്നവരാണെന്നും പ്രതിജ്ഞാബദ്ധതയാണ് തങ്ങളുടെ മൂലധനമെന്നും അറിയിച്ചു. എന്നാല്‍ റിതേഷ് അഗര്‍വാള്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.അതേസമയം ഇത് സംബന്ധിച്ചുള്ള അന്വേഷണത്തില്‍ റിതേഷ് കര്‍ണ്ണാടക ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ നേടിയിട്ടുണ്ട്.

2012 ല്‍ പത്തൊന്‍പതാം വയസിലാണ് റിതേഷ് അഗര്‍വാള്‍ ഓയോ സ്ഥാപിക്കുന്നത്. മധ്യവര്‍ത്തി ഇന്ത്യന്‍ കുടുംബംഗങ്ങള്‍ക്ക് ചെലവുകുറഞ്ഞ എന്നാല്‍ നിലവാരമുള്ള ഹോട്ടല്‍ റൂമുകള്‍ പ്രദാനം ചെയ്ത കമ്പനിയ്ക്ക് ഇപ്പോള്‍ ലോകമെമ്പാടും ഹോട്ടലുകളും ഭവനങ്ങളും സ്വന്തമായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 1.5 ബില്ല്യണ്‍ ഡോളര്‍ സോഫ്റ്റ് ബാങ്ക് ഓയോയില്‍ നിക്ഷേപിച്ചിരുന്നു.