ഖത്തര്‍ എയര്‍വേയ്‌സ് ഓര്‍ഡര്‍ ചെയ്തത് 290ലധികം എയര്‍ക്രാഫ്റ്റുകള്‍


FEBRUARY 7, 2020, 5:14 PM IST

ദോഹ: ഉപരോധവും മറ്റു വെല്ലുവിളികളും തുടരുന്നതിനിടയിലും വിപുലീകരണ പ്രവര്‍ത്തനങ്ങളുമായി ഖത്തര്‍ എയര്‍വേയ്‌സ്. 82 ബില്യണിലധികം ഡോളര്‍ മൂല്യമുള്ള 290ലധികം എയര്‍ക്രാഫ്റ്റുകളാണ് ഖത്തറിന്റെ ദേശീയ എയര്‍ലൈന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം നാല്‍പ്പത് എയര്‍ക്രാഫ്റ്റുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് സ്വീകരിക്കുക.

ലോകത്തെ രണ്ടു പ്രമുഖ വിമാന നിര്‍മാതാക്കളായ ബോയിങ്, എയര്‍ബസ് എന്നിവയില്‍നിന്നാണ് കൂടുതല്‍ എയര്‍ക്രാഫ്റ്റുകളും ഖത്തര്‍ എയര്‍വേയ്‌സ് വാങ്ങുന്നത്. ബോയിങ് 777 സ്, 30 ബോയിങ് 787-9, മാക്‌സ്, എയര്‍ബസ് എ321 നിയോ, എയര്‍ബസ് എ350എസ്, ചരക്കു വിമാനങ്ങള്‍, 33 കോര്‍പ്പറേറ്റ് ജെറ്റുകള്‍ എന്നിവ ഉള്‍പ്പടെയുള്ളവയ്ക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 80 ശതമാനം എയര്‍ക്രാഫ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിനായാണെന്ന് അല്‍ബാകിര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ സ്വകാര്യ ജെറ്റ് ചാര്‍ട്ടര്‍ വിഭാഗമായ ഖത്തര്‍ എക്‌സിക്യൂട്ടീവ് ഗള്‍ഫ്‌സ്ട്രീമിന്റെ ജി 700ന്റെ ലോഞ്ച് ഉപഭോക്താവാണ്. ഗള്‍ഫ്‌സ്ട്രീം ജി 500ന്റെ ലോകത്തിലെ ആദ്യത്തെ വാണിജ്യ സേവന ഓപ്പറേറ്ററും ആഗോളതലത്തില്‍ ജി 650ന്റെ ഏറ്റവും വലിയ വാണിജ്യ ഓപ്പറേറ്ററും ഖത്തര്‍ എക്‌സിക്യുട്ടീവാണ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ചരക്കുവ്യാപാരവും വളര്‍ച്ചയുടെ പാതയിലാണ്. ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ ലോകമെമ്പാടുമുള്ള 60ലധികം കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്്. കൂടാതെ 250ലധികം വിമാനങ്ങളില്‍ ആഗോളതലത്തില്‍ 160ലധികം പ്രധാന കേന്ദ്രങ്ങളിലേക്ക് ചരക്ക് എത്തിക്കുകയും ചെയ്യുന്നു. ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോയ്ക്ക് രണ്ട് ബോയിംഗ് 747-8 ചരക്കുവിമാനങ്ങള്‍, 21 ബോയിംഗ് 777 ചരക്കുവിമാനങ്ങള്‍, അഞ്ച് എയര്‍ബസ് എ 330 ചരക്കുവിമാനങ്ങള്‍ എന്നിവയുണ്ട്. അഞ്ച് എ300 വിമാനങ്ങള്‍ക്കു പകരം അഞ്ചു ബോയിങ് 777 ചരക്കുവിമാനങ്ങള്‍ ഉപയോഗിക്കും.

ഉപരോധം തുടങ്ങിയശേഷം 28 കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ് തുടങ്ങിയത്.  ഈ വര്‍ഷം 11 പുതിയ കേന്ദ്രങ്ങളിലേക്കു കൂടി ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് തുടങ്ങും. ഒസാക്ക (ജപ്പാന്‍), സാന്റോറിനി (ഗ്രീസ്), ഡുബ്രോവ്‌നിക് (ക്രൊയേഷ്യ) അല്‍മാട്ടി, നൂര്‍സുല്‍ത്താന്‍ (കസാക്കിസ്ഥാന്‍), അക്ര (ഘാന), സെബു (ഫിലിപ്പൈന്‍സ്), ലിയോണ്‍ (ഫ്രാന്‍സ്), ട്രാബ്‌സണ്‍ (തുര്‍ക്കി), സീം റീപ് (കംബോഡിയ), ലുവാണ്ട (അംഗോള) എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് തുടങ്ങുന്നത്. അഞ്ചുവര്‍ഷത്തില്‍ കുറവാണ്  എയര്‍ക്രാഫ്റ്റുകളുടെ ശരാശരി പ്രായം. കാലപ്പഴക്കം ഏറ്റവും കുറഞ്ഞ  എയര്‍ക്രാഫ്റ്റുകള്‍ സര്‍വീസിനായി ഉപയോഗിക്കുന്ന എയര്‍ലൈനെന്ന പദവിയും ഖത്തര്‍ എയര്‍വേയ്‌സിന് സ്വന്തമാണ്.