കേരളത്തില്‍ ഹോട്ടല്‍ വ്യവസായ രംഗത്ത് 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് രവി പിള്ള. മാതൃഭൂമി പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്വെന്ഷന് സെന്റര്‍,ഈ വര്‍ഷം തന്നെ നിര്മാണമാരഭിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍,കൊല്ലത്ത് റാവിസിനു മുന്നിലുള്ള 150 വര്‍ഷം പഴക്കമുള്ള ഒരു കൊട്ടാരത്തില്‍ മികച്ച ആയുര്‍വേദ ചികിത്സാ കേന്ദ്രം,കണ്ണൂര്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ചില പദ്ധതികള്‍ എന്നിവയാണ് കേരളത്തില്‍ തുടങ്ങാനാഗ്രഹിക്കുന്ന പദ്ധതികളെന്ന് അദ്ദേഹം വിശദമാക്കുന്നു.
യൂറോപ്പില്‍ 41 ഹോട്ടലുകളുള്ള വലിയൊരു ശൃംഖലയെ ആര്.പി. ഗ്രൂപ്പ് ഏറ്റെടുക്കും.ഇതോടൊപ്പം, കോവളത്തെ 'ലീല ബീച്ച് റിസോര്‍ട്ട് 'കോവളം റാവിസ്' ആയി അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് നാടുകളില്‍ ഓയില്‍, ഗ്യാസ് മേഖലകളില്‍ വലിയ സാന്നിധ്യമായ ആര്.പി. ഗ്രൂപ്പിന്റെ ചെയര്മാന് രവി പിള്ള കൊല്ലത്ത് 'റാവിസ്' എന്ന നക്ഷത്ര ഹോട്ടല്‍ തുടങ്ങിയാണ് ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക് പ്രവേശിക്കുന്നത്.