റിപ്പോ നിരക്കുകള്‍ കുറച്ച് ആര്‍ബിഐയുടെ പുതിയ വായ്പാ നയം


AUGUST 7, 2019, 1:07 PM IST

ന്യൂഡല്‍ഹി: റിപ്പോ നിരക്കുകളില്‍ കുറവു വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ നിരക്ക് 0.35 ശതമാനമായാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനത്തില്‍ നിന്ന് 5.40 ശതമാനമായി കുറഞ്ഞു. 

വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് നല്‍കുന്ന പലിശ നിരക്കായ റിവേഴ്‌സ് റിപ്പോ നിരക്ക് 5.15 ശതമാനമായും ആറംഗ വായ്പാ നയ അവലോകന യോഗം കുറച്ചിട്ടുണ്ട്. നേരത്തെ, റിവേഴ്‌സ് റിപ്പോ നിരക്ക് 5.50 ശതമാനം ആയിരുന്നു.

ഈ വര്‍ഷത്തില്‍ തുടര്‍ച്ചയായ നാലാം തവണയാണ് ആര്‍.ബി.ഐ റിപ്പോ നിരക്ക് കുറക്കുന്നത്. മൊത്തത്തില്‍ 110 ബേസിക് പോയിന്റിന്റെ കുറവാണ് ഇതുവരെ വരുത്തിയത്. റിപ്പോ നിരക്ക് കുറച്ചത് പലിശ നിരക്ക് കുറയുന്നതിന് വഴിവെക്കും. ഭവന വായ്പാ, വ്യക്തിഗത വായ്പ അടക്കമുള്ള വായ്പകളുടെ പലിശകളും നിക്ഷേപങ്ങളുടെ പലിശകളും വാണിജ്യ ബാങ്കുകള്‍ കുറക്കേണ്ടി വരും. മണ്‍സൂണ്‍ ശക്തിപ്പെടുന്നതും രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതും വഴി നാല് ശതമാനത്തിലും താഴേക്കും വിലക്കയറ്റ തോത് കുറയുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പലിശ കുറക്കുന്നത് ഗുണകരമാവും. ഇതുവഴി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പാക്കുകയാണ് പുതിയ വായ്പാ നയം കൊണ്ട് ആര്‍.ബി.ഐ ലക്ഷ്യമിടുന്നത്.ആഭ്യന്തര മൊത്ത ഉല്‍പാദനം (ജി.ഡി.പി) 20192020ല്‍ നേരത്തേ കണക്കാക്കിയിരുന്ന 7 ശതമാനത്തില്‍ നിന്ന് 6.9 ആയി കുറയാനാണ് സാധ്യത.

Other News