അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയും സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്ലും ഇന്ത്യയിലെ 5ജി ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനുള്ള പോരാട്ടത്തിലാണ്. അവരുടെ പോരാട്ടത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 20-25 ദശലക്ഷത്തില്‍ നിന്ന് 300 ദശലക്ഷമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.
റിലയന്‍സ് ജിയോ കുറഞ്ഞ ദിവത്തിനുള്ളില്‍ 32 സംസ്ഥാനങ്ങളിലെ 365 നഗരങ്ങളില്‍ 5ജി അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ അതിവേഗത്തില്‍ 5ജി സേവനങ്ങള്‍ എത്തിക്കാനാണ് ജിയോ ശ്രമിക്കുന്നത്. ആദ്യം തന്നെ 5ജി അവതരിപ്പിച്ച് വരിക്കാരെ പിടിച്ചുനിര്‍ത്താനും ജിയോ ലക്ഷ്യമിടുന്നു. കേരളത്തിലെ 13 നഗരങ്ങളിലും (ആറ്റിങ്ങല്‍, ആലപ്പുഴ, ചേര്‍ത്തല, ഗുരുവായൂര്‍ ക്ഷേത്രം, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം) ജിയോ 5ജി അവതരിപ്പിച്ചു.
അതേസമയം വിപണിയില്‍ ഇതിനകം ആധിപത്യം ഉറപ്പിച്ച റിലയന്‍സ് ജിയോയ്ക്കെതിരായ പോരാട്ടം ശക്തമാക്കി ഭാരതി എയര്‍ടെല്‍ 5ജി ടെലികോം സേവന ഉപയോക്താക്കള്‍ക്കായി അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍ അവതരിപ്പിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ, വൈഫൈ കോളിംഗ്, ഒടിടി സബ്സ്‌ക്രിപ്ഷന്‍ ആനുകൂല്യങ്ങള്‍, അന്താരാഷ്ട്ര റോമിംഗ് എന്നിവയ്ക്കൊപ്പം ഒരു പുതിയ പോസ്റ്റ്പെയ്ഡ് ഫാമിലി, വ്യക്തിഗത പ്ലാനുകള്‍ അവതരിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഒപ്പത്തിനൊപ്പമെത്താന്‍ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍ രംഗത്തുവന്നത്.
നിലവിലുള്ള എല്ലാ പ്ലാനുകളിലും ഡേറ്റ ഉപയോഗത്തിന് ഏര്‍പ്പെടുത്തിയിരുന്ന പരിധി നീക്കം ചെയ്യുന്നതായി എയര്‍ടെല്‍ പറഞ്ഞു. ഡേറ്റ ഉപയോഗം അണ്‍ലിമിറ്റഡ് ആയെന്ന് ചുരുക്കം. എല്ലാ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കും 239 രൂപയോ അതിനു മുകളിലോ ഡേറ്റ പ്ലാനുള്ള പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഓഫര്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് എയര്‍ടെല്‍ അറിയിച്ചു.
അതേ സമയം ഭാരതി എയര്‍ടെല്ലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും പ്രീമിയം ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈ വിഭാഗത്തിനായി പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചുകൊണ്ട് ഉയര്‍ന്ന ശമ്പളമുള്ള പോസ്റ്റ്-പെയ്ഡ് ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ ജിയോ മത്സരം കടുപ്പിച്ചിരിക്കുകയാണ്.
ജിയോയുടെ പുതിയ പ്ലാനുകള്‍ ജിയോയുടെ എതിരാളികളെ അവരുടെ സ്വന്തം പ്ലാനുകളില്‍ മാറ്റംവരുത്തുവാന്‍ പ്രേരിപ്പിക്കുമെന്ന് വിശകലന വിദഗ്ധര്‍ ഈ ആഴ്ച ആദ്യം പ്രവചിച്ചിരുന്നു.
രാജ്യവ്യാപകമായി കവറേജ് നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും 2024 മാര്‍ച്ച് അവസാനത്തോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമപ്രദേശങ്ങളിലും 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാണെന്നും എയര്‍ടെല്‍ പറഞ്ഞു. ക്രിസില്‍ റേറ്റിംഗിന്റെ കണക്കനുസരിച്ച്, ഇന്ത്യയുടെ 5ജി ഉപഭോക്തൃ അടിത്തറ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 20-25 ദശലക്ഷത്തില്‍ നിന്ന് 300 ദശലക്ഷമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.