ബ്രോഡ്ബാന്റ് രംഗത്തെ ജിയോ ജിഗാ ഫൈബര്‍ വിപ്ലവം സെപ്തംബര്‍ മുതല്‍


AUGUST 12, 2019, 4:37 PM IST

മുംബൈ: റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്റ് സേവനം  ജിയോ ജിഗാഫൈബര്‍ സെപ്തംബര്‍ 5 മുതല്‍ ആരംഭിക്കും.  മുംബൈയില്‍ നടന്ന റിലയന്‍സിന്റെ വാര്‍ഷിക യോഗത്തില്‍ മേധാവി മുകേഷ് അംബാനിയാണ്  പ്രഖ്യാപനം നടത്തിയത്.  മൂന്നുവര്‍ഷം മുന്‍പ് ഒരു സെപ്തംബര്‍ അഞ്ചിനായിരുന്നു ജിയോ പ്രവര്‍ത്തനം തുടുങ്ങിയത്. അതുകൊണ്ടാണ് ജിഗാഫൈബറും സെപ്തംബര്‍ മൂന്നിന് ആരംഭിക്കുന്നത്.

ഡിടിഎച്ചുകളെ വെല്ലുന്ന രീതിയില്‍ ചാനലുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്ന ജിയോ ജിഗാഫൈബറിന് വേണ്ടി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് റിലയന്‍സ് നടപ്പിലാക്കുന്നത്. വരുന്ന 12 മാസത്തിനുള്ളില്‍ സംവിധാനം രാജ്യംമുഴുവന്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്‌വര്‍ക്ക് അതായത് ഭൂമിയെ 11 തവണ ചുറ്റാന്‍ വേണ്ടുന്ന ഫൈബര്‍ ശൃംഖലയാണ് ഗിഗാ ഫൈബറിന്റെ വാണിജ്യ അവതരണത്തിനായി രാജ്യത്ത് റിലയന്‍സ് ഇട്ടിരിക്കുന്നത്.ആദ്യ മൂന്നു വര്‍ഷത്തിനുളളില്‍ 7.5 കോടി വരിക്കാരെയാണ് ജിയോ ഫൈബര്‍ ആകര്‍ഷിക്കുക.

100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെയായിരിക്കും  വേഗത.   ജിയോ ഫൈബറിന്റെ സെറ്റ് ടോപ്പ് ബോക്‌സ് ഗെയിമിംഗ് സപ്പോര്‍ട്ട് ഉള്ളതായിരിക്കും.താരിഫ് 700 രൂപയില്‍ തുടങ്ങി 10000 രൂപ നീളും. വോയിസ് കോള്‍ തീര്‍ത്തും സൗജന്യമായിരിക്കും. ജിയോ ഫൈബറിലൂടെ സിനിമകള്‍ റിലീസ് ദിവസം വീട്ടിലിരുന്ന് കാണാനുള്ള സംവിധാനം 2020 ഓടെ നടപ്പിലാക്കുമെന്ന് അംബാനി അറിയിച്ചു.വീഡിയോ കോണ്‍ഫ്രന്‍സിന് വേണ്ടി ആയിരങ്ങള്‍ പാഴാക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ജിയോ ഫൈബറിന്റെ ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഡി ടിവിയോ, പിസി കമ്പ്യൂട്ടറോ സൗജന്യമായി നല്‍കും. ഒപ്പം 4കെ സെറ്റ് ടോപ്പ് ബോക്‌സ് തീര്‍ത്തും സൗജന്യമായിരിക്കും.

Other News