ബെംഗളൂരു: കോസ്മെറ്റിക്സ് ഭീമന് റെവ്ലോണ് പാപ്പരത്വ അപേക്ഷ നല്‍കിയതിന് പിന്നാലെ വാങ്ങാന്‍ തയ്യാറായി റിലയന്‍സ്. ബിസിനസ് ചാനല്‍ ഇ ടി നൗ ആണ് റിലയന്‍സിന്റെ പുതിയ നീക്കത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
കോവിഡിനെ തുടര്‍ന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവും മുന്‍കൂര്‍ പണം നല്കാന് ആവശ്യം ഉന്നയിക്കുന്നതിലേക്ക് റവ്ലോണിനെ എത്തിച്ചതാണ് കമ്പനിയുടെ പാപ്പരത്വ അപേക്ഷ നല്കാന് കാരണമെന്നാണ് വിവരം.
പുതിയ ചുവടുവെയ്പിന്റെ ഭാഗമായി എണ്ണക്കമ്പനിയില്‍ നിന്നും വ്യത്യസ്ത ബിസിനസുകളിലേക്ക് കൂടി ചുവടുമാറ്റം നടത്തുന്ന റിലയന്‍സ് അടുത്ത കാലത്തായി ഫാഷനിലും വ്യക്തിഗത പരിചരണ മേഖലയിലും ശ്രദ്ധയൂന്നിയിട്ടുണ്ട്. ടെലികോം, റീട്ടയില്‍ മേഖലകള്‍ക്ക് പുറമേയാണിത്.
റെവ്ലോണിനെ റിലയന്‍സ് എടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പ്രീ മാര്‍ക്കറ്റ് ട്രേഡില്‍ റെവ്ലോണിന്റെ ഓഹരികളില്‍ 20 ശതമാനം ഉയര്‍ച്ചയുണ്ടായി 2.36 ഡോളറിലെത്തി. മുംബൈ വിപണിയില്‍ റിലയന്‍സ് 1.9 ശതമാനം ഉയര്‍ന്നു.
എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് റിലയന്‍സോ റെവ്ലോണോ പ്രതികരിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ കോസ്മെറ്റിക്സ് ഭീമനായ റെവ്ലോണിന് കഴിഞ്ഞ മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ഏകദേശം 3.31 ശതകോടി ഡോളറാണ് കടബാധ്യത.
1932ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സഹോദരന്മാരായ ചാള്‍സും ജോസഫ് റെവ്സണും രസതന്ത്രജ്ഞനായ ചാള്‍സ് ലാച്ച്മാനും ചേര്‍ന്ന ആരംഭിച്ച കമ്പനിയാണ് റെവ്ലോണ്. തുടക്കത്തില്‍ ലിപ്സ്റ്റിക്ക് ബ്രാന്റായാണ് റെവ്ലോണ് അറിയപ്പെട്ടിരുന്നത്. ശതകോടീശ്വരാനായ റൊണാള്‍ഡ് പെരല്‍മാന്റെ ഉടമസ്ഥതയിലുള്ള കമ്പനി മകള്‍ ഡെബ്റ പെരല്‍മാനാണ് ഇപ്പോള്‍ നടത്തുന്നത്. പെരല്‍മാന്റെ കീഴിലുള്ള മാക് ആന്‍ഡ്രൂസ് ആന്റ് ഫോര്ബിനാണ് റെവ്ലോണിന്റെ ഉടമസ്ഥാവകാശം.