ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു


SEPTEMBER 16, 2019, 4:36 PM IST

ന്യൂഡല്‍ഹി: ആഗോള എണ്ണവിലയിലെ വര്‍ധന രൂപയെ തളര്‍ത്തി.നിലവില്‍ 71.42 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. കഴിഞ്ഞദിവസം 70.92 മൂല്യത്തിനായിരുന്നു ക്ലോസ് ചെയ്തിരുന്നത്. ആവശ്യത്തിനുള്ള എണ്ണയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാല്‍ എണ്ണയുടെ വര്‍ധന രൂപയെ സ്വാധീനിക്കുന്നത് സ്വാഭാവികമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

സൗദി അറേബ്യയിലെ ആരാംകോ എണ്ണ ഉല്‍പാദന കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെയാണ്  ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയര്‍ന്നത്. അസംസ്‌കൃത എണ്ണവില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായാണ് ഉയര്‍ന്നത്.  80 ഡോളര്‍ വരെ വില വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ആരാംകോയിലെ എണ്ണ ഉല്‍പാദന കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദി ഉത്പാദനം കുറച്ചതാണ് ഇന്ധനവില ഉയരാന്‍ ഇടയാക്കിയത്.28വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്.

 ആക്രമണത്തെ തുടര്‍ന്ന് ആരാംകോ എണ്ണ ഉല്‍പാദനം പകുതിയായാണ് വെട്ടിക്കുറച്ചത്. ആരാംകോയുടെ  ബുഖ്‌യാഖ്, ഖുറൈസ് ഉല്‍പാദന കേന്ദ്രങ്ങളില്‍ ഉല്‍പാദനം പൂര്‍ണമായും നിര്‍ത്തിവച്ചെന്നു സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. ഇതോടെ പ്രതിദിന ആഗോള എണ്ണ ഉല്‍പാദനത്തില്‍ ആറു ശതമാനത്തിന്റെ കുറവുണ്ടാകും.അതേസമയം ഡ്രോണ്‍ ആക്രമണത്തിലുണ്ടായ തകരാര്‍ പരിഹരിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. എണ്ണ ഉല്‍പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയില്‍ ആകുന്നത് വൈകിയാല്‍ കരുതല്‍ എണ്ണ ശേഖരം ഉപയോഗിക്കുമെന്നു അമേരിക്ക വ്യക്തമാക്കി.

ഏഷ്യന്‍ വിപണിയില്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ഇനത്തിലുള്ള അസംസ്‌കൃത എണ്ണവില 10.68 ശതമാനം വര്‍ധിച്ച് ബാരലിന് 60.71 ഡോളറിലെത്തി. ബ്രെന്റ് ഇനത്തില്‍പ്പെട്ട അസംസ്‌കൃത എണ്ണവില 11.77 ശതമാനം വര്‍ധിച്ച് ബാരലിന് 67.31 ഡോളറിലും എത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് സൗദി അറേബ്യയ്ക്കുള്ളത്.

Other News