റിലയന്‍സ് ഓയില്‍,കെമിക്കല്‍ ബിസിനസില്‍ 20 ശതമാനം ഓഹരിപങ്കാളിത്തത്തിന് സൗദി ആരാംകോ


AUGUST 12, 2019, 6:55 PM IST

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വിദേശനിക്ഷേപത്തിന് അരങ്ങുണരുന്നു. സൗദി ആരാംകോ റിലയന്‍സ് ഇന്റസ്ട്രിയുടെ ഓയില്‍ റിഫൈനറി ആന്റ് കെമിക്കല്‍ ബിസിനസില്‍ 20 ശതമാനം ഓഹരികള്‍ വാങ്ങുന്നതോടെയാണ് ഇത്. ഏതാണ്ട് 75 ബില്ല്യണ്‍ ഡോളറാണ് സൗദി ആരാംകോ ഇതിനായി ചെലവഴിക്കുക. അതായത് സൗദി ആരാംകോ പ്രതിദിനം അഞ്ചുലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിക്ക് നല്‍കും. പകരമായി റിലയന്‍സിന്റെ പെട്രോകെമിക്കല്‍ കോംപ്ലക്‌സിലും ജാംനഗറിലെ ഇരട്ട റിഫൈനറിയിലും സൗദി ആരാംകോയ്ക്ക് 20 ശതമാനം ഓഹരിപങ്കാളിത്തമുണ്ടായിരിക്കും. മുംബൈയില്‍ നടന്ന റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യവെയാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. 

റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനിങ് കോംപ്ലക്‌സിന് പ്രതിദിനം 1.4 ബില്യണ്‍ ബാരല്‍ അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാനുള്ളശേഷിയാണ് നിലവിലുള്ളത്. 2030ഓടെ ഇത് രണ്ട് ബില്യണായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ ഡീല്‍.2019 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോകെമിക്കല്‍ ബിസിനസില്‍മാത്രം 5.7 ലക്ഷം കോടി വരുമാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേടിയിരുന്നു.

അതേസമയം സൗദി അറേബ്യന്‍ നാഷണല്‍ പെട്രോളിയം ആന്റ് നാച്വുറല്‍ ഗ്യാസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സൗദി ആരാംകോ വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും കാര്യത്തില്‍ ലോകത്തില്‍തന്നെ ഒന്നാംസ്ഥാനത്തുള്ള കമ്പനിയാണ്. നേരത്തെ  സൗദി ആരാംകോയും ബിസിനസ് പങ്കാളികളായ അബുദാബി നാഷണല്‍ ഓയില്‍ കോര്‍പറേഷനും ചേര്‍ന്ന് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ കമ്പനിയില്‍ 50 ശതമാനം ഓഹരികള്‍ നേടിയിരുന്നു.