എസ് ബി ഐ വായ്പ പലിശനിരക്ക് കുറച്ചു


DECEMBER 9, 2019, 1:32 PM IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വായ്പദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകളിന്മേല്‍ ചുമത്തുന്ന പലിശയില്‍ ഇളവുവരുത്തി. ഡിസംബര്‍ 10 മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായ എട്ടാം തവണയാണ് എസ്ബിഐ  വായ്പ പലിശയില്‍ ഇളവ് വരുത്തുന്നത്. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ടില്‍ കുറവ് വരുത്തിയാണ് ബാങ്ക് പലിശനിരക്ക് വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഇതോടെ എസ്ബിഐയുടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്. 8 ശതമാനത്തില്‍ നിന്നും 7.9 ശതമാനമായി ചുരുങ്ങും. 

വായ്പപലിശ നിരക്ക് കുറയ്ക്കുന്നതില്‍ ബാങ്കിന്റെ ബെഞ്ച്മാര്‍ക്കാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്. റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ടിലുള്ള വായ്പപലിശയില്‍ ഇളവു വരുത്താന്‍ ബാങ്കുകള്‍ക്ക് സാധിക്കൂ. ഇപ്പോഴത്തെ വായ്പ പരിഷ്‌ക്കരണത്തോടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ടിലുള്‍പ്പെട്ടിട്ടുള്ള വീട്,കാര്‍,മറ്റ് ചെറുകിട ലോണുകളുടെ പലിശ നിരക്ക് കുറയും. 

നേരത്തെ റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചപ്പോള്‍ ബാങ്കുകള്‍ ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കളുമായി പങ്കുവയ്ക്കുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ എസ്ബിഐ പലിശനിരക്ക് കുറച്ചതോടെ അത് കൂടുതല്‍ വാങ്ങലുകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കും കാരണമാവുകയും വളര്‍ച്ച കൂട്ടാന്‍ സഹായകരമാവുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.