കൊച്ചി: ബുധനാഴ്ചയിലേത് പോലെ ഓഹരി വിപണിയില്‍ വെള്ളിയാഴ്ചയും ഇടിവ് തുടരുന്നു. ബുധനാഴ്ച ഒരു ശതമാനത്തിലേറെ ഇടിഞ്ഞ സെന്‍സെക്‌സ്, നിഫ്റ്റി ഓഹരി സൂചികകള്‍ വെള്ളിയാഴ്ചയും ചുവപ്പില്‍നിന്ന് കരകയറിയിട്ടില്ല. ബിഎസ്ഇ സെന്‍സെക്സ് 600 പോയിന്റിലേറെ ഇടിഞ്ഞു. ഏറ്റവും ഒടുവില്‍ 697.80 ഇടിഞ്ഞ് 59,507.26ലാണ് വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 196.95 പോയിന്റ് ഇടിഞ്ഞ് 17,695.00ലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.01 ശതമാനവും 0.02 ശതമാനവും നഷ്ടത്തിലാണ്. 771 ഓഹരികള്‍ മുന്നേറി, 2216 ഓഹരികള്‍ ഇടിഞ്ഞു, 121 ഓഹരികള്‍ മാറ്റമില്ല.
ഓട്ടോ, ഫാര്‍മ സെക്ടറുകളിലെ ഓഹരികള്‍ മാത്രമാണ് ഇന്ന് രാവിലെ മുതല്‍ നേട്ടം തുടരുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ മികച്ച പ്രവര്‍ത്തനഫലം പുറത്തുവന്നതാണ് ഓട്ടോ ഓഹരികള്‍ക്ക് ഉണര്‍വ് സമ്മാനിച്ചത്. ഓഹരി മൂല്യത്തില്‍ അഞ്ച് ശതമാനം വളര്‍ച്ച നേടിയ ടാറ്റ മോട്ടോഴ്‌സ് തുടര്‍ച്ചയായ ഏഴ് പാദങ്ങളിലെ നഷ്ടത്തിന് ശേഷം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 3,043 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി.
അതേസമയം സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ബാങ്കിങ് സര്‍വീസ്, സ്വകാര്യ ബാങ്ക് സൂചികകള്‍ നഷ്ടത്തിലാണ്. ഫാര്‍മ, റിയാല്‍റ്റി, മീഡിയ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ബജാജ് ഫിനാന്‍സ്, വേദാന്ത, ആരതി ഡ്രഗ്സ്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി, സിഎംഎസ് ഇന്‍ഫോ സിസ്റ്റംസ്, ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ്, ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ, സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്, സെനോടെക് ലബോറട്ടറീസ്, എഐഎ എഞ്ചിനീയറിംഗ് എന്നിവയുടെ ത്രൈമാസഫലം ഇന്ന് പുറത്തുവരും.
എന്‍ടിപിസി, ഭാരത് ഇലക്ട്രോണിക്‌സ്, കെയര്‍ റേറ്റിംഗ്‌സ്, ഡിസിബി ബാങ്ക്, ഫൈവ്-സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ്, ഗുജറാത്ത് അംബുജ എക്സ്പോര്‍ട്ട്സ്, ഹെറന്‍ബ ഇന്‍ഡസ്ട്രീസ്, കജാരിയ സെറാമിക്സ്, വേദാന്ത് ഫാഷന്‍സ്, റേഡിയന്റ് ക്യാഷ് മാനേജ്മെന്റ് സര്‍വീസസ്, സെന്‍ ടെക്നോളജീസ് എന്നിവ ജനുവരി 28 ഇക്കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെ ഫലം പുറത്തുവിടും.
നഷ്ടത്തിനിടയിലും 2000 കോടി രൂപ സമാഹരിക്കാന്‍ അദാനി
അദാനി ഗ്രൂപ്പ് കമ്പനി ഇന്ന് അദാനി എന്റര്‍പ്രൈസസിനായി 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ ആരംഭിച്ചു, അവസാന തീയതി ജനുവരി 31 ആയിരിക്കും, ഒരു ഷെയറിന് 3,112-3,276 രൂപയായിരിക്കും വില.