ഇലക്ട്രിക് വാഹന ബാറ്ററി ഉത്പാദനത്തില്‍ ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്


MAY 11, 2022, 10:46 PM IST

മുംബൈ: ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിലും വിദേശത്തും ബാറ്ററി കമ്പനി ആരംഭിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണെന്ന് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍ക്കിക്കാനുള്ള ടാറ്റയുടെ പദ്ധതികള്‍ പുരോഗമിക്കുകയാണ്. 

ടാറ്റ മോട്ടോഴ്‌സിന്റേയും ബ്രിട്ടീഷ് ലക്ഷ്വറി യൂണിറ്റായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റേയും ക്ലീന്‍ മൊബിലിറ്റി പുഷ് ഉള്‍പ്പെടുന്ന ബിസിനസുകളിലുടനീളം മാറ്റം വരികയാണെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. കര്‍ശനമായ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആഗോളതലത്തില്‍ വാഹന നിര്‍മാതാക്കള്‍ ബാറ്ററികളിലും അവയുടെ അസംസ്‌കൃത വസ്തുക്കളുടെ വിതരണ ശൃംഖലയിലും നിക്ഷേപം നടത്തി സീറോ എമിഷന്‍ തന്ത്രങ്ങളാണ് ആവിഷ്‌ക്കരിക്കുന്നത്. 

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന് 2025ഓടെ 10 ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്. അതേസമയം ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ആഡംബര ജാഗ്വാര്‍ ബ്രാന്റ് 2025ഓടെ പൂര്‍ണമായും ഇലക്ട്രിക്കാകും. 2030ഓടെ അതിന്റെ മുഴുവന്‍ ലൈനപ്പിന്റേയും ഇ-മോഡലുകള്‍ അവതരിപ്പിക്കും. 

പുനരുപയോഗ ഊര്‍ജ്ജം, ഹൈഡ്രജന്‍ തുടങ്ങിയവയില്‍ നിക്ഷേപിച്ച് ഭാവി സജ്ജമാക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ബാറ്ററി ബ്ലൂപ്രിന്റെന്ന് അദ്ദേഹം പറഞ്ഞു. 

ഈ ദശാബ്ദത്തില്‍ ഇന്ത്യക്ക് കൂടുതല്‍ അവസരങ്ങളുണ്ടെങ്കിലും കൂടുതല്‍ സ്ത്രീകളെ തൊഴില്‍ സേനയിലേക്ക് കൊണ്ടുവരുന്നതിനോടൊപ്പം സമഗ്രമായ വളര്‍ച്ച കൈവരിക്കുന്നതിന് ദശലക്ഷക്കണക്കിന് പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റേണ്ടത് ആവശ്യമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. 

വരും ദശകങ്ങളില്‍ ലോകത്തിന്റെ വളര്‍ച്ചയുടെ 70 ശതമാനവും വളര്‍ന്നു വരുന്ന വിപണികളില്‍ നിന്നായിരിക്കുമെന്നും ഇന്ത്യയുടെ വളര്‍ച്ച മിക്ക രാജ്യങ്ങളേക്കാളും ഉയര്‍ന്നതായിരിക്കുമെന്നും രാജ്യത്തിന്റെ അവസരങ്ങള്‍ കണക്കാക്കേണ്ടതുണ്ടെന്നും സി ഐ ഐ ബിസിനസ് ഉച്ചകോടി 2022ല്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 

ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും ആ വളര്‍ച്ച എല്ലാവര്‍ക്കും ആസ്വദിക്കാനാവുന്ന തരത്തില്‍ നേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന ജീവിത നിലവാരം എല്ലാവരും ആസ്വദിക്കണമെന്നും വരുന്ന ദശകത്തില്‍ ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റണമെന്നും അദ്ദേഹം പറഞ്ഞു. 

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ലോക ജി ഡി പിയുടെ മൂന്ന് ശതമാനം എന്നതില്‍ നിന്ന് ഏകദേശം ഏഴു ശതമാനമായി വളര്‍ന്നെന്നും ഈ വളര്‍ച്ചയെ തുടര്‍ന്ന് പലരും ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മാത്രം രാജ്യം 270 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റി. 

ഈ 75 വര്‍ഷത്തിനുള്ളില്‍ നമ്മുടെ സമ്പദ് വ്യവസ്ഥ തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറിയതായും തങ്ങള്‍ പുതിയ ബിസിനസുകളില്‍ പ്രവേശിച്ചതായും അദ്ദേഹം പറഞ്ഞു. നിരവധി മേഖലകളില്‍ അഭിവൃദ്ധി പ്രാപിക്കുകയും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റമാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം വിശദമാക്കി. 2022ല്‍ ഇതുവരെ എല്ലാ ആഴ്ചയും ഒരു യൂണികോണ്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ തൊഴിലിന്റെ കാര്യത്തിലും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ആളുകളുടെ എണ്ണത്തിലും ആരോഗ്യ സംരക്ഷണത്തിലും എല്ലാവര്‍ക്കും വിദ്യാഭ്യാസം തുടങ്ങി നിരവധി കാര്യങ്ങള്‍ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Other News