കാംബെല്‍ വില്‍സണെ എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായി ടാറ്റ ഗ്രൂപ്പ് നിയമിച്ചു


MAY 13, 2022, 8:57 AM IST

ന്യൂഡല്‍ഹി:  എയര്‍ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ അനുബന്ധ കമ്പനിയായ സ്‌കൂട്ടിന്റെ സിഇഒ കാംപ്‌ബെല്‍ വില്‍സണെ (50)  ടാറ്റ സണ്‍സ് നിയമിച്ചു. വില്‍സന്റെ നിയമനത്തിന് എയര്‍ ഇന്ത്യ ബോര്‍ഡ് അംഗീകാരം നല്‍കിയതായി ടാറ്റ സണ്‍സ് പ്രസ്താവനയില്‍ അറിയിച്ചു. എയര്‍ ഇന്ത്യയെ നയിക്കാനും ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാകാനും തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് വില്‍സണ്‍ പറഞ്ഞു.

വില്‍സണിന് 26 വര്‍ഷത്തെ വ്യോമയാന വ്യവസായ വൈദഗ്ധ്യമുണ്ടെന്നും എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. വില്‍സണ്‍ 2011ല്‍ സ്‌കൂട്ടിന്റെ സ്ഥാപക സിഇഒ ആയിരുന്നു. 2016 വരെ സ്‌കൂട്ടിനെ നയിച്ചു. പിന്നീട് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 2020 ഏപ്രിലില്‍ സ്‌കൂട്ടിന്റെ സിഇഒ ആയി തിരിച്ചെത്തി.

ടര്‍ക്കിഷ് എയര്‍ലൈന്‍ ചെയര്‍മാന്‍ ആയിരുന്ന ഇല്‍ക്കര്‍ ഐസിയെ എംഡിയായി നിയമിക്കാന്‍ നേരത്തെ എയര്‍ ഇന്ത്യാ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം പിന്‍മാറുകയായിരുന്നു.

എയര്‍ ഇന്ത്യയിലേക്ക് കാംബെലിനെ സ്വാഗതം ചെയ്യുന്നതില്‍  സന്തുഷ്ടനാണെന്ന് ടാറ്റാ ഗ്രൂപ്പ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

 ആഗോള വ്യോമയാന  മേഖലയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യവസായ വിദഗ്ധനാണ് വില്‍സണ്‍. കൂടാതെ, ഏഷ്യയില്‍ ഒരു എയര്‍ലൈന്‍ ബ്രാന്‍ഡ് (സ്‌കൂട്ട്) വളര്‍ത്തിയെടുത്തതിന്റെ ചരിത്രവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ അറിവും പ്രവര്‍ത്തന പരിചയവും എയര്‍ ഇന്ത്യയ്ക്ക് പ്രയോജനപ്പെടും. എയര്‍ ഇന്ത്യയെ ഒരു ലോകോത്തര വിമാനക്കമ്പനിയായി മാറ്റിയെടുക്കാനുള്ള ദൗത്യത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു,'' കാംബല്‍ വില്‍സണെ എയര്‍ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ചന്ദ്രശേഖരന്‍ പറഞ്ഞു.

Other News