ന്യൂദല്‍ഹി: 5ജി സ്പെക്ട്രം ലേലത്തിന്റെ ഭാഗമായി പ്രധാന ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍- ഐഡിയ, അദാനി ഡേറ്റ നെറ്റ് വര്‍ക്സ് എന്നിവയാണ് പങ്കെടുക്കുന്ന കമ്പനികള്‍. ലേലത്തില്‍ നിന്നും 70,000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപ വരെയാണ് ടെലികോം വകുപ്പ് പ്രതീക്ഷിക്കുന്നത്. റേഡിയോ തരംഗങ്ങളുടെ ആവശ്യമനുസരിച്ചാവും ലേലം എത്ര ദിവസം നീണ്ടുപോകുമെന്ന് പറയാന്‍ കഴിയുക.
600 മെഗാഹെര്‍ട്സ്, 700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ് എന്നീ ലോ ഫ്രീക്വന്‍സികള്‍ക്കും 3300 മെഗാഹെര്‍ട്സ് മിഡ് ഫ്രീക്വന്‍സിക്കും 26 ജിഗാഹെര്‍ട്സ് ഹൈ ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുന്നത്. 4ജിയില്‍ 40 മിനിറ്റ് കൊണ്ട് ചെയ്യുന്ന 5 ജി ബി സിനിമകള്‍ 5ജി ഇന്റര്‍നെറ്റ് ഉപയോഗിച്ച് 35 സെക്കന്‍ഡിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളില്‍ റിലയന്‍സ് ജിയോ ആയിരിക്കും ഏറ്റവും കൂടുതല്‍ തുക ചെലവാക്കി സ്പെക്ട്രം വാങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വോഡഫോണ്‍- ഐഡിയയും അദാനി ഗ്രൂപ്പുമാണ് ലേലത്തില്‍ ഏറ്റവും കുറവ് തുക ചെലവഴിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലേലത്തിന് വേണ്ടി ജിയോ കെട്ടിവെച്ചത് 14,000 കോടി രൂപയാണ്. എന്നാല്‍, അദാനി ഗ്രൂപ്പ് കെട്ടിവെച്ചത് 100 കോടി രൂപ മാത്രമാണ്. ആകെ 21,800 കോടി രൂപ ഇതുവരെ എല്ലാ കമ്പനികളും കൂടി ലേലത്തില്‍ കെട്ടിവെച്ചിരിക്കുന്നത്. 2021ലെ ലേലത്തില്‍ 13,475 കോടി രൂപയാണ് കമ്പനികള്‍ കെട്ടിവെച്ചത്. കമ്പനികള്‍ അവലംബിക്കുന്ന തന്ത്രങ്ങള്‍ക്കനുസരിച്ചാണ് ലേലത്തിന്റെ ഗതി മാറ്റം.