ടെസ്ല ആസ്ഥാനം കാലിഫോര്‍ണിയയില്‍ നിന്ന് ടെക്‌സാസിലേക്ക് മാറ്റുന്നു


OCTOBER 8, 2021, 11:14 AM IST

ഓസ്റ്റിന്‍: ടെസ്ല തങ്ങളുടെ കമ്പനി ആസ്ഥാനം കാലിഫോര്‍ണിയയില്‍ നിന്ന് ടെക്‌സാസിലേക്ക് മാറ്റുന്നു.കമ്പനിയുടെ ഓഹരി ഉടമകളുടെ വാര്‍ഷിക യോഗത്തിലാണ് ചീഫ് എക്‌സിക്യൂട്ടീവ് എലോണ്‍ മസ്‌ക്,  ഈ നീക്കം പ്രഖ്യാപിച്ചത്.

നിലവില്‍ ടെസ്ലയിലെ പ്രധാന ഫാക്ടറി പ്രവര്‍ത്തിക്കുന്ന കാലിഫോര്‍ണിയയിലെ അലമേഡ കൗണ്ടിയിലെ പ്രാദേശിക ഭരണകൂടവുമായി കോവിഡ് പ്രതികരണവുമായി ബന്ധപ്പെട്ട് മസ്‌ക് തര്‍ക്കത്തിലായിരുന്നു.

പ്രദേശിക ഭരണകൂട ഇടപെടലുകള്‍ കാരണം ഫ്രീമോണ്ടിലെ കാലിഫോര്‍ണിയന്‍ ഫാക്ടറി 'സ്തംഭിച്ചു' എന്ന് ഓഹരിയുടമകളോട് പറഞ്ഞ അദ്ദേഹം ഈ നീക്കത്തിന് മറ്റു നിരവധി കാരണങ്ങളും പറഞ്ഞു.

ജീവനക്കാര്‍ക്ക് താങ്ങാനാവുന്ന വീടുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലമായിരുന്നു കാലിഫോര്‍ണിയയെന്നും അദ്ദേഹം ഓഹരി ഉടമകളോട് പറഞ്ഞു.

ഓസ്റ്റിനില്‍ തങ്ങളുടെ ഫാക്ടറി വിമാനത്താവളത്തില്‍ നിന്ന് അഞ്ച് മിനിറ്റും നഗരപ്രാന്തത്തില്‍ നിന്ന് 15 മിനിറ്റും പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

ശതകോടീശ്വരനായ സാങ്കേതിക സംരംഭകനും കാലിഫോര്‍ണിയയും തമ്മിലുള്ള ബന്ധത്തില്‍ പലപ്പോളായി വിള്ളല്‍ വീണിരുന്നു.

മെയ് മാസത്തില്‍, ടെസ്ലയുടെ ഫ്രീമോണ്ട് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് കസ്ഫോര്‍ണിയയിലെ പ്രാദേശിക രാഷ്ട്രീയക്കാരുമായി മസ്‌ക്കിന് ഉടക്കേണ്ടിവന്നിരുന്നു.

'ടെസ്ല ഇപ്പോള്‍ അതിന്റെ ആസ്ഥാനവും ഭാവി പരിപാടികളും ഉടന്‍ ടെക്‌സാസ്/നെവാഡയിലേക്ക് മാറ്റും.' എന്നിരുന്നാലും ഈ നീക്കം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.- അദ്ദേഹം ട്വീറ്റ് ചെയ്തു.

ആസ്ഥാനം മാറ്റിയെങ്കിലും, കാലിഫോര്‍ണിയ, നെവാഡ ഫാക്ടറികളില്‍ നിന്നുള്ള ഉത്പാദനം 50%വര്‍ദ്ധിപ്പിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ടെന്നും മസ്‌ക് പറഞ്ഞു.

ടെക്‌സാസിലേക്ക് മാറുന്ന ആദ്യത്തെ കമ്പനി ടെസ്ലയല്ല. 2020 ല്‍ ടെക് പവര്‍ഹൗസ് ഒറാക്കിള്‍ സിലിക്കണ്‍ വാലിയില്‍ നിന്ന് ഓസ്റ്റിനിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

ടെക്‌നോളജി സ്ഥാപനമായ എച്ച്പിയും കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയും തങ്ങളുടെ യുഎസ് ആസ്ഥാനം കാലിഫോര്‍ണിയയില്‍ നിന്ന് ടെക്‌സാസിലേക്ക് മാറ്റി.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലിഫോര്‍ണിയയില്‍ ശക്തമായ തൊഴില്‍ നിയമങ്ങളും ഉയര്‍ന്ന നികുതിയും ജീവിതച്ചെലവും  ഉണ്ട്, അതേസമയം ടെക്‌സാസ് കുറഞ്ഞ വേതനമുള്ള തൊഴിലാളികള്‍ക്കും കുറവ് കര്‍ശന നിയന്ത്രണങ്ങള്‍ക്കും പേരുകേട്ടതാണ്.

ടെസ്ലയുടെ പുതിയ കാര്‍ നിര്‍മ്മാണ പ്ലാന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം അവസാനം കാലിഫോര്‍ണിയയില്‍ നിന്ന് മസ്‌ക് തന്റെ വീട് ടെക്‌സസിലേക്ക് മാറ്റിയിരുന്നു.

അദ്ദേഹത്തിന്റെ സ്‌പേസ് എക്‌സ് റോക്കറ്റ് കമ്പനിക്ക് ടെക്‌സാസിന്റെ തെക്കേ അറ്റത്ത് ഒരു വിക്ഷേപണ കേന്ദ്രം ഉണ്ട്.

Other News