ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 8.3 ശതമാനം വളര്‍ച്ച നേടുമെന്ന് ലോകബാങ്ക്


OCTOBER 10, 2021, 8:03 PM IST

യുണൈറ്റഡ് നേഷന്‍സ്: ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 8.3 ശതമാനം വളര്‍ച്ച നേടുമെന്ന് ലോകബാങ്ക്. അതിവേഗം വളരുന്ന രണ്ടാമത്തെ പ്രധാന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ.

ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം പ്രതിരോധ കുത്തിവെയ്പിലുണ്ടായ കാതലായ വര്‍ധനവ് സാമ്പത്തിക സാധ്യതകള്‍ നിര്‍ണയിക്കുമെന്ന് ലോകബാങ്കിന്റെ സാമ്പത്തിക അപ്‌ഡേറ്റ് പറയുന്നു. 

അടുത്തയാഴ്ച നടക്കുന്ന ബാങ്കിന്റെ വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി പുറത്തിറക്കിയ അപ്‌ഡേറ്റ് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം മൈനസ് 7.3 ശതമാനമായി ചുരുങ്ങി. ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച 8.3 രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അടുത്ത വര്‍ഷം 7.5 ശതമാനമായും 2023- 24 വര്‍ഷത്തില്‍ 6.5 ശതമാനമായും മാറും. 

ചൈനയുടെ സമ്പദ് വ്യവസ്ഥ 8.5 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ വളര്‍ച്ചാ നിരക്ക് അടുത്ത വര്‍ഷം 5.4 ശതമാനമായും 2023ല്‍ 5.3 ശതമാനമായും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 2.3 ശതമാനമായിരുന്നു. 

മുഴുവന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഈ വര്‍ഷവും അടുത്ത വര്‍ഷവും ജി ഡി പി വളര്‍ച്ച 7.1 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്കിന്റെ അപ്‌ഡേറ്റുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 33.6 ശതമാനം കുത്തനെ ഇടിഞ്ഞ 3.8 ബില്യന്‍ ഡോളറുള്ള മാലദ്വീപിന്റെ ചെറിയ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 22.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ഇത് 11 ശതമാനമായി കുറയും. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ച് ശതമാിനം വളര്‍ച്ച രേഖപ്പെടുത്തിയ ബംഗ്ലാദേശ് ഈ വര്‍ഷം 6.4 ശതമാനവും അടുത്ത വര്‍ഷം 6.9 ശതമാനവുമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.5 ശതമാനം വളര്‍ച്ച കൈവരിച്ച പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം 3.4 ശതമാനവും അടുത്ത വര്‍ഷം നാല് ശതമാനവും വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷം 3.6 ശതമാനം താഴ്ന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്ഞഷം 3.3 ശതമാനം വളര്‍ച്ചയും അടുത്ത വര്‍ഷം 2.1 ശതമാനവും വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.2 ശതമാനം നെഗറ്റീവ് വളര്‍ച്ചയുണ്ടായിരുന്ന ഭൂട്ടാന്‍ ഈ സാമ്പത്തിക വര്‍ഷം 3.6 ശതമാനവും അടുത്ത വര്‍ഷം 4.3 ശതമാനവും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നേപ്പാളിന്റെ വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 1.8 ശതമാനത്തില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം 3.9 ശതാനമായും അടുത്ത വര്‍ഷം 4.7 ശതമാനമായും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 

ഇന്ത്യയില്‍ ഈ വര്‍ഷം പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടമായെങ്കിലും 2020ലെ ആദ്യ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിയന്ത്രണങ്ങള്‍ പ്രാദേശികവത്ക്കരിച്ചതിനാല്‍ സാമ്പത്തിക തടസ്സം പരിമിതമായിരുന്നു.

Other News