ഇന്ത്യയിലടക്കം കൈക്കൂലി; വോള്‍മാര്‍ട് പിഴയൊടുക്കി 


JUNE 25, 2019, 3:13 PM IST


ഇന്ത്യയടക്കം ലോകത്തെ പല രാജ്യങ്ങളിലും ബിസിനസ് വര്‍ദ്ധിപ്പിക്കാന്‍ കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നടക്കുന്ന  ക്രിമിനല്‍ഭരണതല അന്വേഷണങ്ങള്‍ തീര്‍പ്പാക്കുന്നതിനായി 282 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് വോള്‍മാര്‍ട് സമ്മതിച്ചു. അഴിമതി നടക്കാന്‍ ഇട നല്‍കും വിധം അയവേറിയ നയങ്ങളായിരുന്നു പിന്തുടര്‍ന്നിരുന്നതെന്നും കമ്പനി സമ്മതിച്ചു.

കൈക്കൂലി നല്‍കിയും മറ്റും നേടിയ ലാഭത്തില്‍ നിന്ന് 144 മില്യണ്‍ ഡോളര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും (എസ്ഇസി) 138 മില്യണ്‍ ഡോളര്‍ പിഴയായി ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിനുമാണ് നല്‍കേണ്ടത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് ആക്ടിന്റെ ലംഘനമായിരുന്നുവെന്നു എസ്ഇസി പറഞ്ഞു.  അമേരിക്കയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ വിദേശങ്ങളില്‍ ബിസിനസ് നേട്ടങ്ങളുണ്ടാക്കാന്‍ കൈക്കൂലി നല്‍കുന്നത് വിലക്കുന്ന നിയമമാണത്. 

മെക്‌സിക്കോയില്‍ സ്റ്റോറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്കായി വോള്‍മാര്‍ട് കൈക്കൂലി നല്‍കിയത് സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ ഒരു പരമ്പരതന്നെ  2012ല്‍ ന്യൂയോര്‍ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് അന്വേഷണം ആരംഭിച്ചത്. ബ്രസീല്‍, ചൈന, ഇന്ത്യ എന്നിവടങ്ങളിലുള്‍പ്പടെ വോള്‍മാര്‍ട് ആഗോളതലത്തില്‍ നടത്തുന്ന ബിസിനസുകളിലേക്കും അന്വേഷണം നീണ്ടു.