16 ബില്ല്യണ്‍ ഡോളറിന് ഫ്‌ലിപ്പ്കാര്‍ട്ടിനെ വാങ്ങിയ വാള്‍മാര്‍ട്ടിനെ കാത്തിരുന്നത് 10 ബില്ല്യണ്‍ ഡോളറിന്റെ അപൂര്‍വ നിധി


JULY 10, 2019, 4:45 PM IST

ന്യൂഡല്‍ഹി:  16 ബില്ല്യണ്‍ ഡോളറിന് ഇന്ത്യയിലെ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ലിപ്പ്കാര്‍ട്ടിനെ സ്വന്തമാക്കുമ്പോള്‍ തങ്ങള്‍ക്ക് 10 ബില്ല്യണ്‍ ഡോളറിന്റെ അധിക ആസ്തികള്‍ സ്വന്തമാകുന്ന കാര്യം അമേരിക്കന്‍ റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് അധികൃതര്‍ ഒരുപക്ഷെ അറിഞ്ഞിരിക്കില്ല. കാരണം ഫ്‌ലിപ്പ്കാര്‍ട്ടിന്റെ സബ്‌സിഡറിയായിരുന്ന ഫോണ്‍പേ അന്ന് ആരുടെയെങ്കിലും ശ്രദ്ധയാകര്‍ഷിക്കാന്‍തക്ക ശേഷിയില്ലാത്തവിധം ചെറുതായിരുന്നു. പക്ഷെ കാലം മാറി.ഫ്‌ലിപ്പ് കാര്‍ട്ട് ഫോണ്‍പേയെ വേറിട്ട സ്ഥാപനമാക്കാന്‍ ശ്രമം തുടങ്ങി. അതിനായി കമ്പനിയുടെ ആസ്തിമൂല്യം കണക്കാക്കിയപ്പോള്‍ കോളടിച്ചത് വാള്‍മാര്‍ട്ടിനാണ്. കാരണം ഫോണ്‍പേയുടെ മൂല്യം 10 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുന്നു.  

2015 ല്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും പുറത്തുവന്ന മൂന്നുപേര്‍ തുടങ്ങിയ ഫോണ്‍പേയെ ഏറ്റെടുക്കാന്‍ ഫ്‌ലിപ്പ്കാര്‍ട്ട് സ്ഥാപകരായ ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും തീരുമാനിക്കുകയായിരുന്നു. ഒരുവര്‍ഷത്തിനുശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടുനിരോധനം ഏര്‍പ്പെടുത്തുകയും ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ നിര്‍ബന്ധിതരാവുകയും ചെയ്ത സാഹചര്യം ഡിജിറ്റല്‍ പേമെയ്ന്റ് കമ്പനികള്‍ക്ക് ചാകര ഒരുക്കി. റിലയന്‍സ് ജിയോ സൗജന്യനിരക്കില്‍ ഡാറ്റകള്‍ ഒഴുക്കുകയും സ്മാര്‍ട്ട്‌ഫോണിന്റെ വില കുത്തനെ കുറയുകയും ചെയ്തതോടെ നേട്ടം ഇരട്ടിയായി. ആ ട്രെന്റില്‍ കുതിച്ചുയര്‍ന്ന കമ്പനികളില്‍ മുന്‍നിരയിലാണ് ഫോണ്‍പേയുടെ സ്ഥാനം.

അതേസമയം പുറമെ നിന്നുള്ള നിക്ഷേപമുയര്‍ത്തി ഫോണ്‍പേയെ സ്വതന്ത്രസ്ഥാപനമാക്കുമ്പോഴും ഭൂരിപക്ഷം ഓഹരികളും വാള്‍മാര്‍ട്ടും ഫ്‌ലിപ്പ്കാര്‍ട്ടും കൈവശം വയ്ക്കുമെന്നുതന്നെയാണ് അറിയാന്‍ കഴിയുന്നത്.  ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപമാണ് പുറമെ നിന്നും ഫോണ്‍ പേ സ്വീകരിക്കുക. എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Other News