സൊമാറ്റോയുടെ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവെച്ചു


NOVEMBER 19, 2022, 4:36 AM IST

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവെച്ചു. നേരത്തെ, കമ്പനിയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടി തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായി മോഹിത് ഗുപ്ത കൂടി രാജിവച്ചതോടെ കമ്പനിക്ക് വീണ്ടും വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനം മൂലമുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ കമ്പനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതാണ്നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഏതാണ്ട് നാലര വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ഒടുവില്‍ മോഹിത് ഗുപ്ത രാജി വെയ്ക്കാനിടയുണ്ടായ കൃത്യമായ കാരണമെന്തെന്ന് വ്യക്തമല്ല. സഹസ്ഥാപക സ്ഥാനത്ത് നിന്ന് മോഹിത് രാജിവച്ചെങ്കിലും ഒരു നിക്ഷേപകന്‍ എന്ന നിലയില്‍ അദ്ദേഹം കമ്പനിയുമായുള്ള ബന്ധം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സൊമാറ്റോയുടെ പുതിയ ഇനിഷ്യേറ്റീവ് തലവന്‍ രാഹുല്‍ ഗഞ്ചു തന്റെ സ്ഥാനം അടുത്തിടെയാണ് രാജിവെച്ചത്. ഇതിന് മുന്‍പേ നവംബര്‍ 7ന് ഗ്ലോബല്‍ ഗ്രോത്ത് വിഭാഗം വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ജാവറും കമ്പനി വിട്ടുപോയിരുന്നു. പെട്ടെന്നുണ്ടായ ഇവരുടെ രാജി കമ്പനിയുടെ പ്രവര്‍ത്തനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.

അതേസമയം, സൊമാറ്റോയാവട്ടെ പ്രവര്‍ത്തന രീതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി യുഎഇയിലെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ സൊമാറ്റോയുടെ നഷ്ടം 251 കോടി രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 430 കോടി രൂപയായിരുന്നു.

Other News