കനേഡിയന്‍ ആംഡ് ഫോഴ്‌സിലെ 14 അംഗങ്ങള്‍ക്ക് കോവിഡ് ബാധ


MAY 19, 2020, 8:20 PM IST

ഒട്ടാവ: കോവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിയോഗിച്ച കനേഡിയന്‍ ആംഡ് ഫോഴ്‌സിലെ 14 അംഗങ്ങള്‍ക്ക് കൊറോണ ബാധ. കനേഡിയന്‍ ആംഡ് ഫോഴ്‌സിലെ 43 അംഗങ്ങള്‍ നേരത്തെ ക്വാറന്റൈനിലായിരുന്നു. ഒന്റാറിയോയിലെ ഒരേ നഴ്‌സിംഗ് ഹോമിലാണ് അഞ്ചുപേര്‍ക്ക് രോഗം ബാധിച്ചത്. 

രോഗബാധിതരായ അംഗങ്ങളെല്ലാം കോവിഡ് 19 ഓപ്പറേഷന്‍ ലേസറിന്റെ ഭാഗമാണ്. വൈറസ് ബാധയുണ്ടായ 57 പേര്‍ക്കും പകരമായി കനേഡിയന്‍ ആംഡ് ഫോഴ്‌സിനെ അയക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

കാനഡയില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 80 ശതമാനത്തിലധികവും മുതിര്‍ന്നവരാണെന്ന് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫിസര്‍ തെരേസ ടാം പറഞ്ഞു. 

പകര്‍ച്ചവ്യാധി വ്യാപകമായതോടെ ക്യൂബെക്കിലും ഒന്റാറിയോയിലും സ്ഥിതി ചെയ്യുന്ന നഴ്‌സിംഗ് ഹോമുകളില്‍ വിവിധ കാര്യങ്ങളില്‍ സഹായിക്കാന്‍ കനേഡിയന്‍ ആംഡ് ഫോഴ്‌സ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. 

മെയ് 15 വരെ ക്യൂബെക്കിലെ 25 കേന്ദ്രങ്ങളില്‍ 1400 കനേഡിയന്‍ ആംഡ് ഫോഴ്‌സ് അംഗങ്ങള്‍ സഹായിക്കാനുണ്ടായിരുന്നു. ഒന്റാറിയോയിലെ അഞ്ച് നഴ്‌സിംഗ് ഹോമുകളില്‍ 275 ഫോഴ്‌സ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. 

വൈറസ് വ്യാപനം തടയാന്‍ രംഗത്തുള്ള കനേഡിയന്‍ ആംഡ് ഫോഴ്‌സ് അംഗങ്ങള്‍ക്കുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ സര്‍ക്കാര്‍ അവലോകനം ചെയ്യുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.

Other News