കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 50 ഇന്ത്യന്‍ വംശജര്‍


OCTOBER 5, 2019, 4:51 PM IST

ടൊറന്റോ:  43ാമത് ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരരംഗത്തുള്ളത് 50 ഇന്ത്യന്‍ വംശജര്‍. അതില്‍ കൂടൂതലും പഞ്ചാബികള്‍. ഇതാദ്യമായാണ് ഇത്രയധികം ഇന്ത്യന്‍ വംശജര്‍ കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. കഴിഞ്ഞ തവണ 38 ഇന്തോ-കനേഡിയന്‍മാര്‍ മാത്രമാണ് മത്സരിച്ചത് എന്നാല്‍ അതില്‍ 19 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. 338 സീറ്റുകളുള്ള ഹൗസ് ഓഫ് കോമണ്‍സിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഒക്ടോബര്‍ 21 നാണ് കാനഡയില്‍ വോട്ടെടുപ്പ്. എഡ്‌മോണ്ടന്‍, ബ്രാംപ്ടണ്‍, സര്‍റെ, കാല്‍ഗറി എന്നീ നാല് മേഖലകളിലെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താനാണ് സിക്ക് വംശജരായ സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ കച്ചകെട്ടുന്നത്.

ലിബറലുകളും കണ്‍സര്‍വേറ്റീവുകളും 35 ഓളം സിക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ എന്‍ഡിപി 9 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഗ്രീന്‍ പാര്‍ട്ടി അഞ്ച് ഇന്തോ-കനേഡിയന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ പീപ്പിള്‍സ് പാര്‍ട്ടി കാനഡയ്ക്കും മറ്റു പാര്‍ട്ടികള്‍ക്കും ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികളുണ്ട്. ബ്രാംപ്ടണ്‍ വെസ്റ്റ്, ബ്രാംപ്ടണ്‍ സൗത്ത് നിയോജകമണ്ഡലങ്ങളില്‍ എട്ട് പഞ്ചാബികള്‍ പരസ്പരം മത്സരിക്കുന്നു

ബ്രാംപ്ടണ്‍ വെസ്റ്റില്‍ എംപി കമല്‍ ഖേര (ലിബറല്‍ പാര്‍ട്ടി), നവജിത് കൗര്‍ (എന്‍ഡിപി), ഹരീന്ദര്‍പാല്‍ ഹുണ്ടാല്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി), മുറരിലാല്‍ (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി), ബ്രാംപ്ടണ്‍ സൗത്ത് എംപി സോണിയ സിദ്ധു (ലിബറല്‍ പാര്‍ട്ടി) രമന്‍ദീപ് ബ്രാര്‍ (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി) പീപ്പിള്‍സ് പാര്‍ട്ടി കാനഡയിലെ (പിപിസി) കൗര്‍ (എന്‍ഡിപി), രാജ്വീന്ദര്‍ ഗുമ്മന്‍ എന്നിവരാണ് മത്സരരംഗത്ത്.

ബ്രാംപ്ടണ്‍ സെന്ററില്‍ സിറ്റിംഗ് എംപി രമേശ് സംഘ (ലിബറല്‍ പാര്‍ട്ടി), പവന്‍ജിത് ഗോസല്‍ (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി), ബല്‍ജിത് ബാവ (പിപിസി) എന്നിവര്‍ പരസ്പരം പോരാടുന്നു. ലിബറല്‍ സ്ഥാനാര്‍ത്ഥി രമേശ് സംഘ ജലന്ധറിലെ ലെസ്രിവാള്‍ ഗ്രാമത്തില്‍ നിന്നും 1995 ല്‍ കാനഡയിലേക്ക് കുടിയേറിയ ആളാണ്. ബ്രാംപ്ടണ്‍ ഈസ്റ്റില്‍ മനീന്ദര്‍ സിന്ധു (ലിബറല്‍ പാര്‍ട്ടി), റൊമാന ബെന്‍സണ്‍ സിംഗ് (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി), എന്‍ഡിപിയുടെ ശരണ്‍ജിത് സിംഗ്, പിപിസിയുടെ ഗൗരവ് വാലിയ എന്നിവര്‍ പരസ്പരം പോരടിക്കുന്നു.

Other News