ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിനായി നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള എഴുനൂറോളം വിദ്യാര്‍ഥികളെ കാനഡ പുറത്താക്കും. ഇവരെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടിയിലേക്ക് അധികൃതര്‍ കടന്നു. വിദ്യാര്‍ഥികള്‍ക്ക് കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ (സിബിഎസ്എ) നിന്ന് കത്ത് ലഭിച്ചതായാണ് വിവരം.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ 700 വിദ്യാര്‍ഥികള്‍ ജലന്ധര്‍ ആസ്ഥാനമായിട്ടുള്ള ബ്രിജേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് വഴിയാണ് പഠന വിസയ്ക്ക് അപേക്ഷിച്ചത്. പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹംബര്‍ കോളജിലേക്കുള്ള പ്രവേശന ഫീസ് ഉള്‍പ്പെടെ എല്ലാ ചെലവുകള്‍ക്കുമായി ഒരു വിദ്യാര്‍ഥിയില്‍ നിന്ന് 16 ലക്ഷത്തിലധികം രൂപയാണ് ഈടാക്കിയത്. വിമാന ടിക്കറ്റുകളും സുരക്ഷാ നിക്ഷേപങ്ങളും ഒഴികൊയാണിത്.
201819 കാലഘട്ടത്തിലാണ് ഇവര്‍ കാനഡയിലെത്തിയത്. പെര്‍മെനന്റ് റെസിഡന്‍സിക്കായി (പിആര്‍) വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. സിബിഎസ്എ വിദ്യാര്‍ഥികളുടെ രേഖകള്‍ പരിശോധനക്ക് വിധേയമാക്കുകയും ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
ഭൂരിഭാഗം വിദ്യാര്‍ഥികളും അവരുടെ പഠനം പൂര്‍ത്തിയാക്കുകയും ജോലിക്കുള്ള പെര്‍മിറ്റ് നേടുകയും ചെയ്തവരാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പിആറിനായി അപേക്ഷിച്ചപ്പോഴാണ് പ്രതിസന്ധിയിലായത്. ഇതാദ്യമായാണ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഇത്ര വലിയൊരു തട്ടിപ്പ് കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഇത്തരം തട്ടിപ്പുകളില്‍ ഒന്നിലധികം ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കാമെന്നാണ് കഴിഞ്ഞ 10 വര്‍ഷമായി കാനഡയിലേക്ക് വിദ്യാര്‍ഥികളെ അയക്കുന്ന ജലന്ധര്‍ ആസ്ഥാനമായുള്ള ഒരു കണ്‍സള്‍ട്ടന്റ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിക്കവെ വ്യക്തമാക്കിയത്. കോളജുകളുടെ വ്യാജ ഓഫര്‍ ലെറ്ററുകള്‍, വിസയ്ക്കായി വിദ്യാര്‍ഥികള്‍ക്ക് ഫീസ് അടച്ചതിന്റെ വ്യാജ രസീത് എന്നിങ്ങനെയെല്ലാം കാരണമാകാമെന്നും കണ്‍സള്‍ട്ടന്റ് പറയുന്നു.
വിസയുടെ സമയത്ത് സ്വകാര്യ കോളജില്‍ അഡ്മിഷന്‍ ലഭിക്കുകയും പിന്നീട് കാനഡയിലെത്തിയ ശേഷം സര്‍ക്കാര്‍ കോളജുകളിലേക്ക് മാറിയ വിദ്യാര്‍ഥികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ മാറുന്ന കോളജുകളില്‍ നിന്ന് ലഭിക്കുന്ന അഡ്മിഷന്‍ ഓഫറുകളിലെ തെറ്റുകളാകാമെന്നും വിദ്യാര്‍ഥികള്‍ക്ക് ഇതിനെക്കുറിച്ച് അറിവ് കുറവായതിനാല്‍ പരിശോധിക്കാറില്ലെന്നും മറ്റൊരു കണ്‍സള്‍ട്ടന്റ് വ്യക്തമാക്കി.
ഏജന്റിന് കുറച്ച് കമ്മീഷന്‍ നല്‍കി കാനഡയിലെത്തിയ വിദ്യാര്‍ത്ഥികള്‍ കോളേജ് മാറുന്ന ഇത്തരം നിരവധി കേസുകളുണ്ടെന്ന് അവര്‍ പറഞ്ഞു.
മറ്റ് ചില കോളേജുകളില്‍ അഡ്മിഷന്‍ എടുത്തതിനാല്‍ തങ്ങളുടെ ഫീസ് പ്രസ്തുത ഏജന്റ് തങ്ങള്‍ക്ക് തിരികെ നല്‍കിയെന്നും എന്നാല്‍ കനേഡിയന്‍ സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചില്ലെന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഫീസ് (ഏജന്റ് മുഖേന) തിരികെ നല്‍കുന്നത് ഏജന്റിനെ കുറിച്ച് സംശയം കുറയ്ക്കാന്‍ ഇടയാക്കി.
ഈ സാഹചര്യത്തില്‍ 'അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍' നല്‍കിയ കോളേജുകളുടെ പങ്ക്, അതായത് അവര്‍ (കോളേജുകള്‍) യഥാര്‍ത്ഥത്തില്‍ അവ നല്‍കിയതാണോ അതോ ഏജന്റ് വ്യാജമായി നിര്‍മ്മിച്ചതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മറ്റൊരു കണ്‍സള്‍ട്ടന്റ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിവില്ലാത്തതിനാല്‍ ഇത്തരം കോളേജുകളുടെ ഇടപെടല്‍ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്ന നിരക്ക് കാരണം മോണ്‍ട്രിയലിലെ ചില കോളേജുകളെ നേരത്തെയും ക്യൂബെക്ക് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു, കൂടാതെ ഈ കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളോട് ക്യൂബെക്ക് സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഈ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് നെഗറ്റീവ് അവലോകനം നല്‍കിയെങ്കിലും ഇപ്പോള്‍ അവരെ കനേഡിയന്‍ ഹൈക്കമ്മീഷന്‍ സഹാനുഭൂതിയോടെ പരിഗണിക്കുന്നുണ്ടെന്ന് ഒരു കണ്‍സള്‍ട്ടന്റ് പറഞ്ഞു. നാടുകടത്തല്‍ നോട്ടീസുകളെ കോടതിയില്‍ ചോദ്യം ചെയ്യുക എന്നതാണ് വിദ്യാര്‍ത്ഥികളുടെ ഏക പോംവഴിയെന്നും അവിടെ നടപടികള്‍ ഏകദേശം നാല് വര്‍ഷം വരെ നീണ്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം അത്തരത്തിലുള്ള ഒരു പരാതിയും ഇപ്പോള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജലന്ധര്‍ പോലീസ് കമ്മീഷണര്‍ കുല്‍ദീപ് സിംഗ് ചാഹല്‍ പറഞ്ഞു.
അപേക്ഷയൊന്നും ഒപ്പിടാത്തതിനാല്‍ വളരെ സമര്‍ത്ഥമായാണ് ഏജന്റ് ഇത് ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അയാള്‍ (ഏജന്റ്) എല്ലാം വിദ്യാര്‍ത്ഥികളെകൊണ്ടാണ് ഒപ്പിടുവിച്ചത്. അതായത് വിദ്യാര്‍ത്ഥികളെ സ്വയം അപേക്ഷകരാക്കി. അതിനാല്‍, ഈ തട്ടിപ്പില്‍ ഏജന്റിന്റെ പങ്കാളിത്തം തെളിയിക്കാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണ്. അതേസമയം, വിദ്യാര്‍ത്ഥികളുടെ നിരപരാധിത്വം തെളിയിക്കാനും പ്രയാസമാണ്. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ നിരപരാധികളാണെന്നതാണ് വസ്തുതയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു