ഗര്‍ഭച്ഛിദ്രവിരുദ്ധ സിനിമ പ്രദര്‍ശിപ്പിച്ച തീയേറ്റര്‍ ശൃംഖലയ്‌ക്കെതിരെ കാനഡയില്‍ പ്രതിഷേധം


JULY 10, 2019, 2:53 PM IST

ടൊറന്റോ: ഗര്‍ഭച്ഛിദ്രം പാപമാണെന്ന് പ്രചരിപ്പിക്കാനായി ഒരുക്കിയ അണ്‍പ്ലാന്‍ഡ് എന്ന യു.എസ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കാനഡയില്‍ പ്രതിഷേധം. ഗര്‍ഭഛിദ്രത്തിനുവേണ്ടി വാദിക്കുന്ന ദ അബോര്‍ഷന്‍ റൈറ്റ്‌സ് കോഅലീഷന്‍ ഓഫ് കാനഡ (എആര്‍സിസി)എന്ന സംഘടനയാണ് സിനിമ പ്രദര്‍ശിപ്പിക്കുന്ന സിനിപ്ലക്‌സ് എന്റര്‍ടെയ്ന്‍മെന്റിനെതിരെ രംഗത്തെത്തിയത്. 

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവില്‍ ഗര്‍ഭഛിദ്രവിരുദ്ധ സിനിമ പ്രദര്‍ശിക്കുമ്പോള്‍ അത് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ ലംഘനമാവുകയാണെന്ന് എആര്‍സിസി ഡയറക്ടര്‍ ജോയ്‌സ് ആര്‍തര്‍ പറഞ്ഞു. 

ഗര്‍ഭഛിദ്രം സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് മറ്റൊരാളുടെ അഭിപ്രായത്തിനനുസരിച്ച് മാറ്റുമ്പോള്‍ അവളുടെ വ്യക്തിത്വമാണ് ചവിട്ടിമതിക്കപ്പെടുന്നത്. ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ആര്‍തര്‍ അഭിപ്രായപ്പെട്ടു. അണ്‍പ്ലാന്‍ഡ് ഒരു വൈറ്റ് സൂപ്രമസിസ്റ്റ് സിനിമയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വലിയതോതിലുള്ള പ്രതിഷേധത്തെ അവഗണിച്ച് സിനിമ പ്രദര്‍ശിപ്പിക്കുന്ന സിനിപ്ലക്‌സ് എന്റര്‍ടെയ്ന്‍മെന്റ് അഭിപ്രായസ്വാതന്ത്ര്യം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധത്തെ എതിരിടുന്നത്. ഇത് സംബന്ധിച്ച് സിനിപ്ലക്‌സ് എന്‍ര്‍ടെയ്ന്‍മെന്റ് ചീഫ് ഓഫീസറുടെ പ്രസ്താവന പുറത്തുവന്നയുടനെ ആര്‍തര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

കുറച്ചുകാലമായി ഗര്‍ഭഛിദ്രത്തിനെതിരെയുള്ള നീക്കങ്ങള്‍ കാനഡയില്‍ വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News