അന്തര്‍ദ്ദേശീയ സര്‍വീസ്: എയര്‍ കാനഡയുടേത് മോശം പ്രകടനം


DECEMBER 6, 2019, 4:06 PM IST

ടൊറന്റോ: അന്തര്‍ദ്ദേശീയ സര്‍വീസ് നടത്തുന്ന വ്യോമയാന കമ്പനികളെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിച്ചപ്പോള്‍ എയര്‍കാനഡ ഇടം പിടിച്ചത് അവസാന സ്ഥാനങ്ങളില്‍. ഒന്‍പതോളം മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി  വ്യോമയാന കമ്പനികളുടെ സേവനങ്ങളെ വിലയിരുത്തിയ ജെ.ഡി പവര്‍ സ്റ്റഡിയില്‍ ആദ്യ പന്ത്രണ്ടില്‍ പത്തും പതിനൊന്നും സ്ഥാനങ്ങള്‍ മാത്രമാണ് എയര്‍ കാനഡയ്ക്ക് ലഭിച്ചത്. നോര്‍ത്ത് അമേരിക്കയില്‍ നിന്നും യൂറോപ്പ്,ഏഷ്യ എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസ് നടത്തിയ യാത്രക്കാര്‍ എത്രമാത്രം സംതൃപ്തരായിരുന്നു എന്നാണ് ജെ.ഡി പവര്‍ പരിശോധിച്ചത്. സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെ ഇത്തരത്തില്‍ 6,287 യാത്രക്കാരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച ജെ.ഡി പവര്‍ അവരുടെ പഠനം ബുധനാഴ്ചയാണ് പുറത്തുവിട്ടു.

യാത്രാചെലവ്,സമയനിഷ്ഠ,എയര്‍ക്രാഫ്റ്റ് ക്രൂവിന്റെ പെരുമാറ്റം,ചെക്ക് ഇന്‍,ബോര്‍ഡിംഗ്,ഇമിഗ്രേഷന്‍,ബാഗേജ്,റിസര്‍വേഷന്‍ എന്നീ മാനദണ്ഡങ്ങള്‍ വച്ച് വിലയിരുത്തിയപ്പോള്‍ ഏഷ്യയിലേയ്ക്ക് സര്‍വീസ് നടത്തുന്ന പന്ത്രണ്ട് വ്യോമയാന കമ്പനികളില്‍ പത്താം സ്ഥാനത്താണ് എയര്‍കാനഡയുടെ സ്ഥാനം. യൂറോപ്പിലേയ്ക്കുള്ളതില്‍ ആദ്യ പന്ത്രണ്ടില്‍ പതിനൊന്നാം സ്ഥാനം മാത്രമാണ് എയര്‍കാനഡയ്ക്ക് ലഭിച്ചത്.  ഏറ്റവും മോശം വ്യോമയാനകമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട നോര്‍വീജിയന്‍ എയര്‍ലൈന്‍സിന് തൊട്ടുമുന്‍പില്‍ മാത്രമാണ് എയര്‍കാനഡയുള്ളത്. കഴിഞ്ഞസമ്മറില്‍ നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും മികച്ച വ്യോമയാന കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം എയര്‍കാനഡ നിലവാരത്തില്‍ കൂപ്പുകുത്തി എന്നാണ് ഇതിനെക്കുറിച്ച് രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ക്യൂബെക്ക് സ്വദേശിനിയായ സ്ത്രീയെ യാത്രചെയ്യുന്നതില്‍ നിന്നും വിലക്കിയതും ജൂണില്‍ ഒരു യാത്രക്കാരനെതിരെ വംശീയ പരാമര്‍ശം നടത്തിയും എയര്‍ കാനഡയുടെ പ്രതിച്ഛായ തകര്‍ത്തു എന്നാണ് കരുതപ്പെടുന്നത്.എന്നാല്‍ കൂടുതല്‍ യാത്രക്കാരെ കണ്ട് സര്‍വേ നടത്തുന്ന സ്‌കൈട്രാക്‌സ് പഠനത്തില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി തങ്ങള്‍ ഒന്നാമതെത്തിയിട്ടുണ്ടെന്നാണ് ഇതിനെക്കുറിച്ച് എയര്‍കാനഡയുടെ പ്രതികരണം.

അതേസമയം ചെലവ് കുറയുന്നത് സംതൃപ്തിവര്‍ധിപ്പിക്കുന്നില്ലെന്ന് പഠനം കണ്ടെത്തി. പകരം ജീവനക്കാരുടെ നല്ലപെരുമാറ്റവും സുഖകരമായ യാത്രയുമാണ് യാത്രികര്‍ പ്രതീക്ഷിക്കുന്നത്. ഈ മാനദണ്ഡങ്ങള്‍ വച്ച് വിലയിരുത്തിയപ്പോള്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നും യൂറോപ്പിലേയ്ക്ക് സര്‍വീസ് നടത്തുന്ന മികച്ച വ്യോമയാന കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടത് തുര്‍ക്കിഷ് എയര്‍ലൈന്‍സാണ്. ഏഷ്യയിലേയ്ക്കുള്ളതില്‍ ജപ്പാന്‍ എയര്‍ലൈന്‍സ് ഒന്നാം സ്ഥാനത്തെത്തി.

Other News