എയര്‍ കാനഡ വിമാനത്തില്‍ യുവതിയെ തനിച്ചാക്കി ക്യാബിന്‍ ക്രൂ സ്ഥലം വിട്ടു


JUNE 24, 2019, 6:39 PM IST

ടൊറന്റോ:  പിയേഴ്‌സണ്‍ അന്തര്‍ദ്ദേശീയവിമാനത്തില്‍ അസാധാരണമായ സുരക്ഷാ വീഴ്ച. ക്യുബെക്കില്‍ നിന്നും ടൊറന്റോയിലെത്തിയ എയര്‍കാനഡ വിമാനത്തില്‍ യുവതിയെ തനിച്ചാക്കി ക്യാബിന്‍ ക്രൂ സ്ഥലം വിട്ടു. ഒടുവില്‍ സാഹസികമായാണ് യുവതി രക്ഷപ്പെട്ടത്. 

ക്യുബെക്കില്‍ നിന്നും ടൊറന്റോയിലെത്തിയ ടിഫാനി ആദംസ് എന്ന യുവതിയ്ക്കുണ്ടായ ദുരനുഭവം അവരുടെ സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ ടിഫാനിയെ വിളിച്ചുണര്‍ത്താതെ ക്യാബിന്‍ ക്രൂ സ്ഥലം വിടുകയായിരുന്നു. ലാന്റിംഗ് ചെയ്തതറിയാതെ ഉറങ്ങിപ്പോയ ടിഫാനി ഉറക്കമുണര്‍ന്നപ്പോള്‍ ഇരുട്ടില്‍ തനിച്ചാണെന്ന് ബോധ്യപ്പെട്ടു.

തുടര്‍ന്ന് ഫോണ്‍ ഓണാക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നതിനാല്‍ നടന്നില്ല. ചാര്‍ജ്ജ് ചെയ്യാനാണെങ്കില്‍ വിമാനത്തില്‍ കറന്റുമില്ലായിരുന്നു. ഒടുവില്‍ തപ്പിപിടിച്ച് കോക്പിറ്റിലെത്തുകയും അവിടെയുണ്ടായിരുന്ന ടോര്‍ച്ചെടുത്ത് തെളിയിച്ച് ജീവനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുകയുമായിരുന്നു. ഇപ്പോഴും താന്‍ സംഭവത്തിന്റെ ഷോക്കില്‍ നിന്നും ടിഫാനി വിമുക്തയായിട്ടില്ലെന്ന് സുഹൃത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തയ്യാറായിട്ടില്ല.